പഠനത്തോടൊപ്പം പരിസ്ഥിതിസംരക്ഷണത്തിലും മികവുകാട്ടിയ കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസിന് വീണ്ടും അംഗീകാരം

കരുനാഗപ്പള്ളി: പഠനത്തോടൊപ്പം പരിസ്ഥിതിസംരക്ഷണത്തിലും മികവുകാട്ടിയ കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസിന് വീണ്ടും അംഗീകാരം.

മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരമാണ് ഇത്തവണ സ്‌കൂളിനെ തേടിയെത്തിയത്. ഇത് രണ്ടാംതവണയാണ് സ്‌കൂള്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. നാടിന് മാതൃകയാകുന്ന ഒട്ടേറെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്‌കൂളിനായി. സ്‌കൂളിലെ മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

സ്‌കൂള്‍ പ്രവേശനോത്സവ ദിവസം രക്ഷകര്‍ത്താക്കള്‍ക്ക് പച്ചക്കറിവിത്തുകള്‍ നല്‍കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. കരുനാഗപ്പള്ളി ഗവ. ആയുര്‍വേദ ആസ്​പത്രി അങ്കണത്തില്‍ ഔഷധത്തോട്ടം ഒരുക്കിയതും കരനെല്‍കൃഷിയും മികച്ച പ്രവര്‍ത്തനങ്ങളായിരുന്നു. ഓരോ ആയുര്‍വേദ ആസ്​പത്രിയിലും ഒരു ഔഷധത്തോട്ടം എന്ന പുതിയ ആശയത്തിന് തുടക്കം കുറിക്കുകയായിരുന്നു ഇതിലൂടെ വിദ്യാര്‍ഥികള്‍.

താന്തിരി, ചിലന്തിപ്പച്ച, വാതംപറത്തി, കരുവീളി യശങ്ക്, കേശവര്‍ധിനി, പൂച്ചമീശ, വെള്ളനൊച്ചി, കൊയ്‌ന, എല്ലൂറി തുടങ്ങി അപൂര്‍വയിനം ഔഷധച്ചെടികളുമായാണ് ഔഷധത്തോട്ടം ഒരുക്കിയത്. സ്വകാര്യ വ്യക്തിയുടെ ഒരേക്കര്‍സ്ഥലത്താണ് കരനെല്‍കൃഷി നടത്തിയത്. കൃഷിഭവന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു കൃഷി. നെല്ല് കുത്തിയെടുത്ത അരി സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. ജൈവകൃഷിയും വൃക്ഷത്തൈ നടീലും പച്ചക്കറി വിത്തുവിതരണവും നടപ്പിലാക്കി. പള്ളിക്കലാറിനെ സംരക്ഷിക്കാന്‍ കല്ലുകടവുമുതല്‍ ചാമ്പക്കടവുവരെ പള്ളിക്കലാറിന്റെ ഇരുകരകളിലും കണ്ടല്‍ച്ചെടികള്‍ നട്ടു.

അന്താരാഷ്ട്ര പയറുവര്‍ഗ വര്‍ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ പയറുവര്‍ഗ പ്രദര്‍ശനത്തോട്ടം ഒരുക്കി. സ്വദേശി-ജൈവ ഉല്‍പ്പന്ന നിര്‍മാണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനംനല്‍കി. ഉത്തര മലബാറിലെ ഓണപ്പൊട്ടനെ അവതരിപ്പിച്ചാണ് ഓണക്കാലത്ത് വിദ്യാര്‍ഥികള്‍ ഹരിതപൈതൃക സന്ദേശം നല്‍കിയത്. ഓണക്കാലത്ത് ഉപയോഗിക്കാനായി പേപ്പര്‍ബാഗുകളും നല്‍കി.

ലഹരിവിമുക്ത സമൂഹത്തിനായി ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചു. സ്‌കൂളില്‍ കുട്ടികള്‍ നടപ്പാക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനായി ഹരിതവിഷന്‍ എന്നപേരില്‍ ചാനല്‍തുടങ്ങി. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സ്‌കൂള്‍ ഇടവേളയിലാണ് ചാനലില്‍ പരിപാടി സംപ്രേഷണം ചെയ്യുക.

നാട്ടുമാവ് സര്‍വേ, വീടുകളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ബോധവത്കരണം, ഹരിതസൗഹൃദനഗരം പദ്ധതി, വനയാത്രകള്‍, മഴക്കുഴി നിര്‍മാണം, നാട്ടുകുളങ്ങളുടെ സര്‍വേ, കാവുകളുടെ സര്‍വേ, മികച്ച സീഡ് പ്രവര്‍ത്തനത്തിന് ഹരിശ്രീ പുരസ്‌കാരം, പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം, ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പേനകള്‍ ശേഖരിച്ച് വീണ്ടും ഉപയോഗിക്കല്‍, മഷിപ്പേന, വെള്ളം കൊണ്ടുവരാന്‍ സ്റ്റീല്‍കുപ്പി എന്നിവയും സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !