മുകുന്ദപുരം മാടന്‍ നട ക്ഷേത്രത്തിലെ സപ്താഹം: രുക്മിണീ സ്വയംവരം ഭക്തിസാന്ദ്രമായി

ചവറ : മുകുന്ദപുരം മാടന്‍ നട ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചുള്ള രുക്മിണീ സ്വയംവര ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി. യജ്ഞ പൗരാണികരായ ഉമ്മന്നൂര്‍ ശ്രീലാല്‍, ചെങ്ങന്നൂര്‍ അജീഷ് ബാബു, മുളവന സുബ്രഹ്മണ്യന്‍ എന്നിവര്‍ ഉദ്ധവദൂത് വായിച്ച ശേഷം രുക്മിണിയെയും തോഴിമാരെയും വാദ്യമേളങ്ങള്‍, താലപ്പൊലി, വായ്ക്കുരവ എന്നിവയുടെ അകമ്പടിയോടെ യജ്ഞശാലയിലേക്കാനയിച്ചു. തുടര്‍ന്ന് നാരായണ ലക്ഷ്മി മന്ത്രങ്ങള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ യജ്ഞാചാര്യനായ കുടജാദ്രി അനില്‍ബാബുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സ്വയംവരച്ചടങ്ങുകള്‍ നടന്നു.യജ്ഞ ഹോതാവ് കെ.എസ്. പുരം രഘുനാഥശര്‍മ ,വാദ്യവാദകരായ കാവനാട് ഹണി,കുളക്കട അനില്‍, കലാമണ്ഡലം മുകുന്ദപുരം വിനോദ് എന്നിവര്‍ സഹകാര്‍മികരായി.

രുക്മിണീ സ്വയംവരത്തോടനുബന്ധിച്ച് യജ്ഞശാലയില്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കനുഭവപ്പെട്ടു.പ്രസിഡന്റ് ആര്‍. മുരളീധരന്‍ പിള്ള, സെക്രട്ടറി എന്‍. രാധാകൃഷ്ണ പിള്ള, ഖജാന്‍ജി എസ്. നടരാജന്‍,വൈസ് പ്രസിഡന്റ് ജെ. ലാലു പിള്ള, ജോയിന്റ് സെക്രട്ടറി സേതുക്കുട്ടന്‍ മറ്റ് ഭാരവാഹികള്‍ എന്നിവര്‍ സ്വയംവരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.വിഭവ സമൃദ്ധമായ സ്വയംവരസദ്യയും ഉണ്ടായിരുന്നു. വൈകിട്ട് കോഴിക്കോട് പ്രശാന്ത് വര്‍മ നയിച്ച മാനസജപഹരി നാമസങ്കീര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ നിരവധിപേരാണ് ക്ഷേത്രത്തിലെത്തിയത്. ശനിയാഴ്ച കുചേല ഗതി പാരായണം ചെയ്ത് സമര്‍പ്പിക്കും.അവല്‍ക്കിഴി, അവല്‍പ്പറ, ഋണമുക്തി അര്‍ച്ചന,സന്താന ഗോപാലാര്‍ച്ചന, ചെറുപയര്‍പ്പറ എന്നിവയാണ് യജ്ഞശാലയിലെ പ്രധാന വഴിപാടുകള്‍.ഞായറാഴ്ച യജ്ഞം സമാപിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !