വാർത്തകൾ : സിപിഐ എം സംസ്ഥാന സമ്മേളനം

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു… സിപിഐ എം സംസ്ഥാന സമ്മേളനം 2025

By karunagappally.com

January 23, 2025

കൊല്ലം : കൊല്ലത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. 2025 മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി.രാമകൃഷ്ണന്‍ നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ് സുദേവൻ സ്വാഗതവും കൊല്ലം ഏരിയ സെക്രട്ടറി എച്ച്. ബെയ്സിൽ ലാൽ നന്ദിയും പറഞ്ഞു.

മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജെ.മേഴ്സിക്കുട്ടിയമ്മ, സൂസൻ കോടി, എം.എച്ച്. ഷാരിയർ, ചിന്ത ജെറോം, മേയർ പ്രസന്ന ഏണസ്റ്റ്, സി ഐ ടി യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, എം.ശിവശങ്കരപ്പിള്ള, പി.എ.എബ്രഹാം, വി.കെ. അനിരുദ്ധൻ, എക്സ്. ഏണസ്റ്റ്, ബി. തുളസീധരക്കുറുപ്പ് എന്നിവർ സംബന്ധിച്ചു.

ആശ്രാമം മൈതാനത്തിന് സമീപമാണ് സ്വാഗതസംഘം ഓഫീസ് ഒരുക്കിയിട്ടുള്ളത്.

സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഫെബ്രുവരി 17 ന് എൻ എസ് ദിനാചരണത്തിൻ്റെ ഭാഗമായി പാർട്ടി ഓഫിസുകൾ അലങ്കരിക്കും. പാർട്ടി ഓഫിസുകളിലും പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയർത്തും.

17, 18 തീയതികളിൽ കൊല്ലം ശുചിത്വ ജില്ല എന്ന ലക്ഷ്യവുമായി വീടുകളും പൊതുഇടങ്ങളും ശുചീകരിക്കും. എൻ്റെ ഭവനം ശുചിത്വ ഭവനം, മുറ്റത്തൊരു വൃക്ഷം എന്നീ സന്ദേശങ്ങളുമായി ക്യാംപയിൻ സംഘടിപ്പിക്കും.

ഫെബ്രുവരി 25 ന് ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് 5 ന് റെഡ് വൊളൻ്റിയർ പരേഡും സല്യൂട്ട് സ്വീകരിക്കലും നടക്കും.