വാര്‍ത്തകള്‍

ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 2025 – 26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.

By karunagappally.com

March 19, 2025

കരുനാഗപ്പള്ളി : മത്സ്യമേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് ആലപ്പാട് ഗ്രാമപഞ്ചായത്തിൽ 2025 – 26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 25,19,95310 രൂപ വരവും 24,89,65000 രൂപ ചെലവും, 30,30,310രൂപ മിച്ചവും വരുന്ന ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് ടി ഷൈമയാണ് അവതരിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ ഏറെയുള്ള പഞ്ചായത്തിൽ സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ, റെയിൻ കോട്ട് ഉൾപ്പെടെ നൽകുന്ന പദ്ധതിക്കായി 65 ലക്ഷം രൂപയും,ആരോഗ്യ മേഖലയ്ക്കായി ഒരുകോടി 50 ലക്ഷം രൂപയും മാറ്റിവെച്ചു. കാർഷിക ക്ഷീര വികസന മേഖലയിൽ ആലപ്പാടിന്റെ തനത് ബ്രാൻഡ് രംഗത്തിറക്കുന്നതിനായി ഒരു കോടി 5 ലക്ഷം രൂപയും പശ്ചാത്തല വികസന മേഖലയ്ക്ക് നാലുകോടി 80 ലക്ഷം രൂപയും മാറ്റി വച്ചിട്ടുണ്ട്. വനിതാ ക്ഷേമത്തിനായി ജെൻഡർ റിസോഴ്സ് സെന്ററിന്റെ തുടർ പ്രവർത്തനങ്ങൾ, ഫുട്ബോൾ അക്കാദമി, ലഹരിക്കെതിരെ ഡി അഡിക്ഷൻ സെൻ്ററുകൾ, കരിയർ ഗൈഡൻസിനായി ‘ഉൾപ്രേരക് ‘ പദ്ധതി എന്നിവയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യു ഉല്ലാസ് അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ബി രേഖ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ എസ് ഷിജി, കെ ഹജിത, ടി മായ പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡർ പി ലിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.