വാര്‍ത്തകള്‍

സർക്കാർ നിയന്ത്രണത്തിൽ ആദ്യ ടർഫ് ആലപ്പാട് പഞ്ചായത്തിൽ പൂർത്തിയായി

By karunagappally.com

January 17, 2025

കരുനാഗപ്പള്ളി : സർക്കാർ നിയന്ത്രണത്തിൽ ആദ്യ ടർഫ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിൽ പൂർത്തിയായി. സി.ആർ.മഹേഷ്‌ എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച തീരദേശ മേഖലയിലെ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ ടർഫ് ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. 14000 sq ft വിസ്തൃതിയിലുള്ള സെവൻസ് ഫുട്ബാൾ ഉൾപ്പടെ ഉള്ള കായിക മത്സരങ്ങൾ സംഘടിപ്പിക്കാനുതകുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള മനോഹരമായ ടെർഫിന്റെ നിർമ്മാണമാണ് പൂർത്തീകരണത്തിലേക്കും ഉദ്ഘാടനത്തിലേക്കും കടക്കുന്നത്. ആലപ്പാട് ഗ്രാമപഞ്ചായത്തിനായിരിക്കും ടർഫിന്റെ പരിപാലനം.

ടർഫിനോട് അനുബന്ധിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടേക്ക് എ ബ്രേക്കും പബ്ലിക് ടോയ്‌ലറ്റും വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഉടൻ തന്നെ ആലപ്പുഴ എം.പി. കെ സി വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന ചടങ്ങിന് ആവേശമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും പങ്കെടുക്കുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എം.എൽ.എ. ട്രോഫിക്ക് വേണ്ടിയിട്ടുള്ള അഖില കേരള ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.