വാര്‍ത്തകള്‍

ജെന്റർ ആന്റ് ടെക്‌നോളജി കോൺഫറൻസിന് അമൃതയിൽ തുടക്കമായി…

By karunagappally.com

January 17, 2025

കരുനാഗപ്പള്ളി : അന്താരാഷ്ട്ര ജെന്റർ ടെക് കോൺഫറൻസിന് അമൃതയിൽ തുടക്കമായി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ സ്‌കൂൾ ഓഫ് സോഷ്യൽ ആന്റ് ബിഹേവിയറൽ സയൻസസ്, യുനെസ്‌കോ ചെയർ ഫോർ ജെന്റർ ഈക്വാലിറ്റി ആന്റ് വുമൺസ് എംപവർമെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജെന്റർ ആന്റ് ടെക്‌നോളജി കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഡോ. രാജ് ഭൂഷൺ ചൗധരി മുഖ്യാതിഥിയായി. അമൃതപുരി ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഐക്യരാഷ്ട്ര സഭയുടെ ടെക് എൻവോയ് സെക്രട്ടറി ജനറൽ ഡോ. മെഹ്ദി സ്‌നീൻ, യുനെസ്‌കോ സൗത്ത് ഏഷ്യാ റീജിയണൽ ഓഫീസ് ഡയറക്ടർ ഡോ. ടിം കേർട്ടിസ്, ഐ ഇ ഇ ഇ – കേരള മുൻ ചെയർ പ്രൊഫ. മുഹമ്മദ് കാസിം എന്നിവർ പങ്കെടുത്തു. സ്‌കൂൾ ഓഫ് സോഷ്യൽ ആന്റ് ബിഹേവിയറൽ സയൻസസ് ഡീൻ ഡോ. ഭവാനി റാവു അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂറോപ്പ് മാതാ അമൃതാനന്ദമയി സെന്റർ ഡയറക്ടർ സ്വാമി ശുഭാമൃതാനന്ദ പുരി, അമൃത സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസസ് ഡീൻ ഡോ. ഗീത കുമാർ എന്നിവർ സംസാരിച്ചു.

നാല് ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വിവിധ സെഷനുകളിലായി അമ്പതോളം പ്രഗത്ഭർ സംസാരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് സൊസൈറ്റി ഓൺ സോഷ്യൽ ഇംപ്ലിക്കേഷൻസ് (ഐ ഇ ഇ ഇ – എസ് എസ് ഐ ടി), എസ് എസ് ഐ ടി കേരള ചാപ്റ്റർ എന്നിവരാണ് അന്താരാഷ്ട്ര കോൺഫറൻസിന്റെ മറ്റു പ്രധാന സ്‌പോൺസർമാർ. പ്രഭാഷണ പരമ്പരകൾ, മെഗാ ഹാക്കത്തോൺ, ക്ലാസുകൾ, പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യമായ പരിപാടികളാണ് അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി അമൃതപുരിയിൽ ഒരുക്കിയിരിക്കുന്നത്. ജെന്റർ ആന്റ് ടെക്‌നോളജി കോൺഫറൻസ് 19 ന് അവസാനിക്കും.