വാര്‍ത്തകള്‍

ആലപ്പാട് വഴി അഴീക്കലേക്ക് ചെയിൻ സർവീസ് തുടങ്ങി…

By karunagappally.com

January 13, 2021

കരുനാഗപ്പള്ളി : തീരദേശ ഗ്രാമമായ ആലപ്പാടിൻ്റെതുൾപ്പടെയുള്ള ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കെ.എസ്.ആർ.ടി.സി. ചെയിൻ സർവ്വീസിനു തുടക്കമായി. കരുനാഗപ്പള്ളിയിൽ നിന്നും അഴീക്കൽ ബീച്ചിലേക്കും തിരികെയുമാണ് ചെയിൻ സർവീസ് തുടങ്ങിയത്. ഓരോ മണിക്കൂർ ഇടവിട്ടാണ് ബസ് സർവീസ് നടത്തുക.

കരുനാഗപ്പള്ളിയിൽ നിന്നും ചെറിയഴീക്കൽ, ആലപ്പാട്, പറയകടവ്, ശ്രായിക്കാട് വഴി അഴീക്കൽ ബീച്ചിലേക്കാണ് തീരദേശ റോഡ് വഴി ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെയാണ് ചെയിൻ സർവീസ് ഉണ്ടാകുക. നേരത്തെ അഴീക്കൽ ചെയിൻ സർവീസ് തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിർത്തിവച്ചിരിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നും അഴീക്കൽ ഹാർബർ, ബീച്ച് തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സർവീസ് ഏറെ സഹായകരമാകും.

രാവിലെ 6.30 ന് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ. ആദ്യ സർവ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ അധ്യക്ഷൻ കോട്ടയിൽ രാജു അധ്യക്ഷനായി. നഗരസഭാ കൗൺസിലർ അഷിതാ എസ്. ആനന്ദ്, എടിഒ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.