വാര്‍ത്തകള്‍

കരുനാഗപ്പള്ളിയിൽ ജാഗ്രത…. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 15 പേർക്ക് കോവിഡ്….

By karunagappally.com

July 23, 2020

കരുനാഗപ്പള്ളി : സമ്പർക്ക വ്യാപനം തടയാൻ പരിശോധനയും നിയന്ത്രണവും കർശനമാക്കിയ കരുനാഗപ്പള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം ഏറ്റവും രൂക്ഷമായ ആലപ്പാട്, കുലശേഖരപുരം പഞ്ചായത്തുകളിലാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

ആലപ്പാട് പഞ്ചായത്തിൽ പത്ത് പേർക്കും, കുലശേഖരപുരത്ത് അഞ്ചുപേർക്കുമാണ് പരിശോധനാ ഫലം പോസിറ്റീവായത്. രോഗം ബാധിച്ചവരിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്. ആലപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനാണ് കോവിഡ് ബാധിച്ചത്. നഴ്സിന് രോഗം ബാധിച്ചതോടെ ആശുപത്രി അടച്ചു. മുഴുവൻ ജീവനക്കാരും ക്വാറന്റയിനിൽ പ്രവേശിച്ചു. തൊടിയൂർ സ്വദേശിയാണ് ആരോഗ്യ പ്രവർത്തക. രോഗം ബാധിച്ച മറ്റ് ഒൻപത് പേരും ആദ്യം രോഗം സ്ഥിരീകരിച്ച പോസ്റ്റുമാൻ ഉൾപ്പെടുന്ന പതിനാലാം വാർഡ് സ്വദേശികളാണ്. 111 പേരുടെ സ്രവങ്ങളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.

കുലശേഖരപുരം പഞ്ചായത്തിൽ അഞ്ച് പേർക്കാണ് രോഗം ബാധിച്ചത്. എട്ടാം വാർഡ് നിവാസിയായ ആരോഗ്യ പ്രവർത്തകനും കുടുംബത്തിലെ മറ്റംഗങ്ങളും ഉൾപ്പടെ നാലുപേർ രോഗബാധിതരായി. രോഗബാധയേറ്റ ആരോഗ്യ പ്രവർത്തകൻ ആലപ്പുഴ മെഡിക്കൽ കോളേജിലെ ജീവനക്കാരനാണ്.

കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണു മരിച്ച കടത്തൂർ സ്വദേശിയായ വീട്ടമ്മയുടെ അയൽവാസിയായ സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചു. ലോക്ഡൗൺ തുടരുന്ന പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ കർശന നിരീക്ഷണങ്ങൾ തുടരുകയാണ്.