വാര്‍ത്തകള്‍

കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക ചികിത്സാ കേന്ദ്രം ക്ലാപ്പനയിൽ ഒരുങ്ങുന്നു…. 750 കിടക്കകൾ….

By karunagappally.com

July 29, 2020

കരുനാഗപ്പള്ളി : കോവിഡ് രോഗബാധിതർകായുള്ള ജില്ലയിലെ ഏറ്റവും വലിയ ചികിത്സാകേന്ദ്രം ക്ലാപ്പനയിൽ ഒരുങ്ങുന്നു. അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കേന്ദ്രം തയ്യാറാവുന്നത്.

ആലപ്പാട്, തഴവ, ക്ലാപ്പന, തൊടിയൂർ, പഞ്ചായത്തുകളും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും ചേർന്നാണ് ചികിത്സാകേന്ദ്രം തയ്യാറാക്കുന്നത്. ക്ലാപ്പന വള്ളിക്കാവിലുള്ള അമൃത എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ ആണ് ഈ ചികിത്സാ കേന്ദ്രം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ആർ. രാമചന്ദ്രൻ എം.എൽ.എ. യുടെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. എൻ.എച്ച്.എം ജില്ലാ ചുമതലക്കാരൻ ഡോ. ഹരികുമാർ, ഡി.ഡി.പി. ദിനൻ വാഹിദ്, തഹസിൽദാർ ഷിബു, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

ചികിത്സാകേന്ദ്രത്തിൽ 5 ബ്ലോക്കുകളാണുള്ളത്. കൈലാസം ബ്ലോക്കിൻ്റെ ചുമതല ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിനും അനുഗ്രഹം ബ്ലോക്കിൻ്റെത് ക്ലാപ്പന പഞ്ചായത്തിനും, പ്രണവം ബ്ലോക്ക് ആലപ്പാട്. പ്രസാദം ബ്ലോക്ക് തഴവ, ശിവം ബ്ലോക്ക് തൊടിയൂർ എന്നിങ്ങനെ ആയിരിക്കും ചുമതല. സനാതന ബ്ലോക്കിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കും. യോഗശേഷം തദ്ദേശസ്ഥാപനങ്ങളുടെ മേധാവികളെ നേതൃത്വത്തിൽ ഹോസ്റ്റൽ സന്ദർശിച്ചു.

31നു മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി ആഗസ്റ്റ് ഒന്നുമുതൽ പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനം. ഹോസ്റ്റലിൽ കട്ടിലുകൾ നിലവിൽലഭ്യമാണ്. എന്നാൽ ഇതിലേക്ക് ആവശ്യമായ ബെഡ്ഡുകൾ, പില്ലോ, ഷീറ്റ് തുടങ്ങിയവ ഉൾപ്പെടെ അതാത് തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കും.

ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ ടിവികൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയവ സ്പോൺസർഷിപ്പ് വഴി കണ്ടെത്താനും ബെഡ്ഡുകളും പില്ലോയും ഉൾപ്പെടെയുള്ളവ കയർഫെഡ് വഴി വാങ്ങാനും യോഗത്തിൽ ധാരണയായി.

ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ ഭക്ഷണം നൽകുന്നതിന് കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ച് തെരെഞ്ഞെടുക്കപ്പെടുന്നവർ തയ്യാറാക്കുന്ന ഭക്ഷണം നിശ്ചയിക്കന്ന ക്രമത്തിൽ വിതരണം ചെയ്യാനും തീരുമാനിച്ചു.