വാര്‍ത്തകള്‍

കുലശേഖരപുരത്ത് സ്ഥിതി രൂക്ഷം… മരണം നാലായി….

By karunagappally.com

April 20, 2021

കരുനാഗപ്പള്ളി : വിവിധ പഞ്ചായത്തിലും നഗരസഭയിലും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക പരത്തുന്നു. എങ്കിലും സ്ഥിതി നിയന്ത്രിക്കാൻ എല്ലാ മുൻകരുതലും സ്വീകരിച്ചു വരികയാണ് അധികൃതർ. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലാണ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുള്ളത്. ഇവിടെ 258 പേരാണ് രോഗബാധിതരായി ഉള്ളത്. 384 പേരുടെ പരിശോദനാ റിസൾട്ടുകൂടി വരാനുണ്ട്. 4 കോവിഡ് മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദിനാട് തെക്ക്, പുതുശ്ശേരിൽ, ചന്ദ്രശേഖരപിള്ള (74) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ പരിശോദനകളും നിയന്ത്രണങ്ങളും കർശനമാക്കിയതായി പ്രസിഡൻ്റ് മിനിമോൾ നിസാമും സെക്രട്ടറി ജനചന്ദ്രനും അറിയിച്ചു. കാഷ്യു ഫാക്ടറികൾ, കയർപിരി കേന്ദ്രങ്ങൾ, ആഡിറ്റോറിയങ്ങൾ, മത്സ്യ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച അധികൃതർ പരിശോദന നടത്തി. വരും ദിവസങ്ങളിലും പരിശോദന തുടരും. വേണ്ടിവന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയച്ചു.

കരുനാഗപ്പള്ളി നഗരസഭയിൽ 87 പോസിറ്റീവ് കേസുകളാണുള്ളത്. രോഗബാധിതയായിരുന്ന മരുതൂർക്കുളങ്ങര തെക്ക്, നമ്പിശ്ശേരിൽ, കനകപ്രഭ (65) കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇവർ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് വന്നതിനു പിന്നാലെയാണ് മരണപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിച്ചു.

ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് വാളൻ്റിയർമാരായ സുജിത്ത്, ഇന്ദുരാജ്,അയ്യപ്പൻ, ഹസൻ എന്നിവരുടെ നേതൃത്വത്തിൽ പി.പി.ഇ. കിറ്റുകൾ ധരിച്ച് സംസ്കാരം നടത്തി. തഴവ യിൽ ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പടെ 60 പേർക്കും തൊടിയൂർ 59, ക്ലാപ്പന 49,ആലപ്പാട് 36 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലെ കോവിഡ് രോഗികളുടെ എണ്ണം.

ചിത്രം: കുലശേഖരപുരത്ത് കോവിഡ് ബാധിച്ച് മരിച്ചചെല്ലമ്മയുടെ മൃതദേഹം പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ സംസ്കരിക്കുന്നു.