വാര്‍ത്തകള്‍

കോവിഡ് വാക്സിന്‍ കരുനാഗപ്പള്ളിയിൽ എത്തി…

By karunagappally.com

January 15, 2021

കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു കൊണ്ട് കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിന്‍ എത്തി. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായ ഡോ. പി. മീനയും, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസും ചേർന്ന് സ്വീകരിച്ചു വാക്സിന്‍ ഏറ്റുവാങ്ങി.

നാളെ (ജനുവരി 16) മുതല്‍ കൊല്ലം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം നടത്തും. ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കും.

ഒരു ദിവസം 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ട് പ്രാവശ്യം വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കേണ്ടത്.

ആദ്യഘട്ടമായി 780 യൂണിറ്റ് കോവിഷീൽഡ് വാക്സിനാണ് ഇവിടെ എത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30ന് ആർ. രാമചന്ദ്രൻ എം.എൽ.എ. വാക്സിൻ വിതരണ ഉദ്ഘാടനം നിർവ്വഹിക്കും. വാക്സിൻ നൽകുന്നതിന് എല്ലാ ക്രമീകരണവും പൂർത്തിയായതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. താലൂക്കാശുപത്രിയിലെ പഴയ പീഡിയാട്രിക് വാർഡ് വാക്സിൻ നൽകുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. വാക്സിൻ നൽകുന്നതിനും എടുത്തവർ റസ്റ്റ് എടുക്കുന്നതിനുമായി പ്രത്യേകം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.