വാര്‍ത്തകള്‍

ജില്ലയിലാദ്യത്തെ റെസ്ക്യൂ ഷെൾട്ടർ 28 ന് നാടിന് സമർപ്പിക്കും….

By karunagappally.com

January 26, 2021

കരുനാഗപ്പള്ളി : പ്രകൃതിക്ഷോഭങ്ങളിൽ പ്പെടുന്നവർക്ക് അഭയമാകാൻ തഴവയിൽ നിർമ്മാണം പൂർത്തിയാക്കിയ ദുരിതാശ്വാസ കേന്ദ്രം 28ന് നാടിനു സമർപ്പിക്കും. മൂന്നു നിലകളിലായുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ കെട്ടിടം നാടിനു സമർപ്പിക്കും. സർക്കാർ മണ്ഡലത്തിന് സമ്മാനിക്കുന്ന മറ്റൊരു ബ്രഹദ് പദ്ധതിയാണിതെന്ന് ആർ രാമചന്ദ്രൻ എം.എൽ.എ. പറഞ്ഞു. തഴവയിൽ പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും സമീപത്തായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുക ഉപയോഗിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ദുരിതാശ്വാസ കേന്ദ്രം നിർമിക്കുന്നത്. സംസ്ഥാനത്ത് അനുവദിച്ച 14 കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ടാമത്തെ കേന്ദ്രമാണിത്. ഒഡീഷയിൽ നിർമിച്ച ചുഴലിക്കാറ്റ് ഷെൾട്ടറ്ററുകളുടെ മാതൃകയിലാണ് കേരളത്തിലും പദ്ധതി നടപ്പാക്കുന്നത്.

3.70 കോടി രൂപാ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അയ്യായിരം സ്ക്വയർ ഫീറ്റിലധികം വിസ്തീർണ്ണമുള്ള ഇവിടെ ആയിരംപേർക്ക് വരെ താമസിക്കാനുള്ള സൗകര്യമാണ് ഉണ്ടാകുക. സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം താമസ സൗകര്യങ്ങൾ ഉണ്ടാകും. പൊതു അടുക്കള, ജനറേറ്റർ സംവിധാനം, കുട്ടികൾക്കുള്ള സൗകര്യങ്ങൾ, 15 ഓളം ശുചിമുറികൾ, 3 ഹാൾ, സ്റ്റോർ റൂമുകൾ, കളിസ്ഥലം എന്നിവയും ഉണ്ടാകും.

തഴവ പഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനും വില്ലേജ് ഓഫീസർ കൺവീനറും പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായുള്ള മാനേജ്മെൻ്റ് കമ്മിറ്റിക്കായിരിക്കും പരിപാലന ചുമതല.കരുനാഗപ്പള്ളി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ, ഫയർ ഓഫീസർ, ഇറിഗേഷൻ അസിസ്റ്റൻ്റ് എൻജിനീയർ, പഞ്ചായത്ത് അംഗങ്ങൾ, ഭിന്നശേഷിക്കാരുടെ പ്രതിനിധി എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. എന്നാൽ സ്ഥാപനത്തിൻ്റെ പൂർണ്ണ നിയന്ത്രണം കളക്ടർ ചെയർമാനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും.

കെട്ടിടത്തിൻ്റെ ദൈനംദിന പരിപാലനത്തിനായി 20 ലക്ഷം രൂപ ട്രഷറിയിൽ സ്ഥിര നിക്ഷേപമാക്കും. ഇതിലെ പലിശയിനത്തിലെ വരുമാനം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി ഈ തുക മാനേജിംഗ് കമ്മിറ്റിക്ക് പരിപാലന ചെലവുകൾക്കായി ഉപയോഗപ്പെടുത്താവുന്ന ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ദുരന്തങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സ്ഥിരമായല്ലാത്ത കലാ-സാംസ്കാരിക പരിപാടികൾ, പരിശീലനങ്ങൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയ പൊതു ആവശ്യങ്ങൾക്കും മാനേജ്മെൻ്റ് കമ്മിറ്റിയുടെ അനുമതിയോടെ കെട്ടിടം ഉപയോഗിക്കാം.

ദുരന്ത സാഹചര്യത്തിൽ ഉടൻ ഒഴിവാക്കി ദുരിതാശ്വാസ കേന്ദ്രമാക്കാൻ സാധിക്കുന്ന പ്രവർത്തികൾക്ക് മാത്രമായിരിക്കും കെട്ടിടം അനുവദിക്കുക. എമർജൻസി റെസ്‌പോൺസ് ടീമുകൾ ഷെൾട്ടർ മാനേജ്‌മെന്റ്, തിരച്ചിലും രക്ഷാപ്രവർത്തനവും, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് തുടങ്ങി നാലുതരം എമർജൻസി റെസ്‌പോൺസ് ടീമുകൾക്ക് ഇവിടെ പരിശീലനം നൽകും. ഇതിനായുള്ള അംഗങ്ങളെ പഞ്ചായത്തുതല സമിതിയാണ് തിരഞ്ഞെടുക്കുക.