വാര്‍ത്തകള്‍

കരുനാഗപ്പള്ളിയിൽ നൂറു ഗ്രന്ഥശാലകൾ, നൂറ് കൃഷിയിടങ്ങൾ പദ്ധതിക്ക് തുടക്കമായി….

By karunagappally.com

May 26, 2020

കരുനാഗപ്പള്ളി : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നൂറു ഗ്രന്ഥശാലകൾ, നൂറു കൃഷിയിടങ്ങൾ എന്ന സമഗ്ര കാർഷിക വ്യാപനപരിപാടി നടപ്പിലാക്കുവാൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ തീരുമാനിച്ചു. ചെറുതോ വലുതോ ആയ ഒരു കൃഷിയിടം എല്ലാ ലൈബ്രറിയും ഒരുക്കും. ഗ്രന്ഥശാലകളിലെ കാർഷിക സബ്‌കമ്മറ്റികൾ കൃഷി നടത്തിപ്പിന് മേൽനോട്ടം വഹിക്കും.

ഏറ്റവും കുറഞ്ഞത് 100 ഏക്കർ സ്ഥലത്ത് പുതിയതായി കൃഷി ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ഭാഗമായി ഉദ്ദേശിക്കുന്നതെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് അഡ്വ. പി.ബി. ശിവനും സെക്രട്ടറി വി വിജയകുമാറും അറിയിച്ചു.

ഗ്രന്ഥശാലകൾ കാലത്തിനൊപ്പം, മാറ്റത്തിനൊപ്പം എന്ന പ്രവർത്തന പരിപാടി വലിയ വിജയമായ അനുഭവം ഈ പദ്ധതിക്ക് മുതൽകൂട്ടാവും. പരിപാടിയുടെ താലൂക്ക്തല ഉദ്‌ഘാടനം കുലശേഖരപുരം പുളിനിൽക്കും കോട്ട എൻ.എസ്. ലൈബ്രറിയിൽ താലൂക്ക് സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. 2 ഏക്കർ സ്ഥലത്ത് കരനെൽകൃഷിക്ക് വിത്തെറിഞ്ഞു കൊണ്ടാണ് ഉദ്ഘാടനം നടന്നത്.

ഗ്രന്ഥശാലാ പ്രസിഡൻ്റ് സാബു അധ്യക്ഷനായി. സെക്രട്ടറി ബി സുധർമ്മ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ വി.ആർ. ബിനീഷ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ വി.പി. ജയപ്രകാശ് മേനോൻ, ജി. രവീന്ദ്രൻ, നേതൃത്വ സമിതി കൺവീനർ ശരത്ചന്ദ്രനുണ്ണിത്താൻ, എൻ.എസിൻ്റെ സഹധർമ്മിണി പത്മാവതി ടീച്ചർ, പി. ഉണ്ണി, എം.ആർ. ദീപക്, അശോകൻ, ഗോപിനാഥൻപിള്ള, ലൈബ്രേറിയൻ പ്രസന്ന എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മസ്ക്കുകളും വിതരണം ചെയ്തു.