വാര്‍ത്തകള്‍

മാലിന്യ സംസ്കരണത്തിന് ഓർഗാനിക് കമ്പോസ്റ്റ് ബിന്നുകളുമായി നഗരസഭ….

By karunagappally.com

March 16, 2025

കരുനാഗപ്പള്ളി : മാലിന്യ സംസ്കരണത്തിൽ പുതിയ കാൽവയ്പ്പുമായി നഗരസഭ. ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഓർഗാനിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഓർഗാനിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിക്കുക. ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് മികച്ച വളമാക്കി മാറ്റുന്ന പദ്ധതിയാണിത്. രണ്ട് ബിന്നുകൾ അടങ്ങിയ ഒരു യൂണിറ്റിന് 50,000 രൂപയാണ് ചെലവ്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓർഗാനിക് കമ്പോസ്റ്റ് ബിന്നിന്റെ വിതരണോത്ഘാടനം കരുനാഗപ്പള്ളി നഗരസഭയുടെ ടേക്ക് എ ബ്രേക്കിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേന അംഗങ്ങളുടെ ഹരിതചട്ട പരിപാലന സ്ഥാപനത്തിന് നൽകി മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തിഫ് നിർവഹിച്ചു. നഗരസഭ സെക്രട്ടറി സന്ദീപ് കുമാർ, ക്ലീൻ സിറ്റി മാനേജർ ഫൈസൽ, കൗൺസിലർമാർ, ഹരിത കർമ്മ സേനാഗംങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രം: ഓർഗാനിക് കമ്പോസ്റ്റ് ബിന്നുകളുടെ വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിക്കുന്നു.