കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ മെയ് 4ന് രാവിലെ 8 മണിക്ക് ആരംഭിക്കും. കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. ഹൈസ്കൂൾ സെക്ഷൻ ഓഫീസ് ബിൽഡിംഗിലാണ് വോട്ടെണ്ണൽ നടക്കുക.
കരുനാഗപ്പള്ളിയിലെ മൊത്തം 214 ബൂത്തുകളിലെ വോട്ടുകൾ 16 റൗണ്ടുകളായി എണ്ണും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് പരിശോധിക്കുക; തുടർന്ന് ഇ.വി.എം വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകൾക്കായി 7 ടേബിളുകളും സർവീസ് വോട്ടുകൾക്കായി 4 ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇ.വി.എം വോട്ടെണ്ണലിന് ഓരോ ഹാളിലും 14 ടേബിളുകൾ വീതം ക്രമീകരിച്ചിട്ടുണ്ട്.
അതേസമയം, മണ്ഡലത്തിലെ ഏതെങ്കിലും അഞ്ച് ബൂത്തുകളിൽ വി.വി.പാറ്റ് സ്ലിപ്പുകളും പരിശോധിക്കും.
വോട്ടെണ്ണൽ നടപടികൾ ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരുടെയും മൈക്രോ ഒബ്സർവർമാരുടെയും കർശന മേൽനോട്ടത്തിലായിരിക്കും. കേന്ദ്രത്തിൽ സി.സി.ടി.വി നിരീക്ഷണവും മൊബൈൽ ഫോൺ നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.