വാര്‍ത്തകള്‍

പെൺപുലികൾ ഇറങ്ങി 🔥

By karunagappally.com

September 01, 2025

കരുനാഗപ്പള്ളി : ഇരുട്ടു പരന്നതോടെ ഉച്ചത്തിലുള്ള ചെണ്ടമേളവും ആർപ്പ് വിളിയും മുഴങ്ങി. പിന്നാലെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒന്നിന് പിറകെ ഒന്നായി പെൺപുലികൾ ചുവടുവെച്ചിറങ്ങി. താളത്തിനൊപ്പം ചുവടുവെച്ച് അവർ കാണികളുടെ മനം കവർന്നു. തൊടിയൂർ, പുലിയൂർവഞ്ചി വടക്ക്, ഇഎംഎസ് വനിതാ ഗ്രന്ഥശാല പ്രവർത്തകരാണ് വനിതകളുടെ പുലികളിയുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്.

ഓണക്കാലത്ത് വ്യത്യസ്തങ്ങളായ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ച് മുൻകാലത്തും ശ്രദ്ധ നേടിയിട്ടുണ്ട് ഇഎംഎസ് വനിതാ ലൈബ്രറി പ്രവർത്തകർ. ഇത്തവണ വനിതകളുടെ തൃശൂർ പുലികളി ഇറക്കിയാലോ എന്ന ആശയം മുന്നോട്ട് വെക്കുന്നത് ഗ്രന്ഥശാലയിലെ യുവജനവേദി പ്രവർത്തകരാണ്. പിന്നെയെല്ലാം വേഗത്തിലായി. പരിശീലനത്തിനായി തയ്യാറെടുപ്പുകൾ തുടങ്ങി. 18 മുതൽ 26 വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികളും വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുമായുള്ള യുവതികളാണ് പെൺപുലികളായി വേഷമിട്ട് രംഗത്തെത്തിയത്. ഇവരോടൊപ്പം ബാലവേദി യുവജന വേദി പ്രവർത്തകരും ചേർന്നു. എല്ലാവരും ജോലിയും പഠനവും കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഗ്രന്ഥശാലയ്ക്ക് സമീപം ഒത്തുചേരും. യൂട്യൂബിൽ നിന്നും പകർത്തിയെടുത്ത ചുവടുകളും താളവും നോക്കി പരിശീലനം തുടങ്ങി.ഒരു മാസത്തോളം നീണ്ട പരിശീലനം. ആദ്യഘട്ടത്തിൽ താളത്തിനൊത്ത് ചുവടുവെപ്പ് മാത്രമായിരുന്നു പരിശീലിച്ചത്. പിന്നീട് ചില പാട്ടുകൾ കൂടി ചേർത്ത് പുലികളി കളർഫുളാക്കി.

കീർത്തന, പ്രാർത്ഥന, ഇന്ദുലക്ഷ്മി, ലക്ഷ്മിരാജൻ, വിഷ്ണുപ്രിയ, ദേവു, ദേവിക, ആർദ്ര, അഖില, ഗാർഗി, എന്നിവർ പെൺപുലികൾ ആയി രംഗത്തെത്തിയപ്പോൾ, കരടിയായി ആരാധ്യയും വേട്ടക്കാരനായി ഗാഥയും, ആരവും മാവേലിയായി അഭിജിത്തും, സഹായികളായി അമൃതയും അപർണ്ണയും അടങ്ങുന്ന 15 അംഗങ്ങളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ ഗ്രന്ഥശാലയ്ക്ക് മുന്നിൽ നിന്നും പുലികളി ആരംഭിച്ചു. തടിച്ചുകൂടിയ നാട്ടുകാർക്ക് മുന്നിൽ തൃശ്ശൂരിലെ പുരുഷ പുലികളെ പോലും വെല്ലുന്ന തരത്തിൽ പെൺകുട്ടികൾ ചുവടുവെച്ചിറങ്ങി. തൊട്ടു പിന്നാലെ കരടിയും വേട്ടക്കാരും എത്തി. ഏറ്റവും ഒടുവിലായി മാവേലി എത്തുന്നതോടെ പുലികളി അവസാനിക്കും. 15 മിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ അവതരണം തുടർന്ന് നാട്ടിടവഴികളിലൂടെ സഞ്ചരിച്ച് രാത്രി 11 മണിയോടെ ഗ്രന്ഥശാലയ്ക്ക് സമീപം എത്തി സമാപിച്ചു. നൂറോളം വരുന്ന വനിതകളുടെ സംഘവും പുലികളിയെ അനുഗമിച്ചു. ഹർഷാരവങ്ങളോടെയാണ് നാട്ടുകാർ ഇവരെ സ്വീകരിച്ചത്. പൂർണ്ണമായും വനിതകളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടിയുടെ സംഘാടനം. ഗ്രന്ഥശാല സെക്രട്ടറി ജസീന, ലൈബ്രേറിയൻ രഞ്ജിനി, വിലോല, പ്രസന്ന, ലിപി, ചന്ദ്രിക, മീന തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ അനിൽ ആർ. പാലവിള ഫ്ലാഗ് ഓഫ് ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം സുരേഷ്കുമാർ, വി വിമൽ റോയ് തുടങ്ങിയവർ പങ്കെടുത്തു. ഇനി തിരുവോണ ദിവസം പ്രത്യേക ഓണാഘോഷ പരിപാടികളും പ്ലാൻ ചെയ്തിട്ടുണ്ട്. വനിതകളുടെ ഉറിയടി, വടംവലി, തിരുവാതിര, പുലികളി എന്നിവയെല്ലാം അന്നേദിവസം ഗ്രന്ഥശാലയ്ക്ക് സമീപം അരങ്ങേറും. ഓണാഘോഷങ്ങളിലെ മാത്രമല്ല പുലികളിയിലെയും പുരുഷ മേധാവിത്വം അവസാനിപ്പിക്കുകയാണ് ഈ വനിതാ കൂട്ടായ്മ.