വാര്‍ത്തകള്‍

കരുനാഗപ്പള്ളിൽ പരിസ്ഥിതി ദിനാചരണം നടന്നു….

By karunagappally.com

June 05, 2020

കരുനാഗപ്പള്ളി : പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി കരുനാഗപ്പള്ളിയിലെങ്ങും ലോക പരിസ്ഥിതി ദിനാചരണം നടന്നു. വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി ദിന സന്ദേശം പകർന്നുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ ദേശീയപാതയോരത്തെ പുള്ളിമാൻ ജംഗ്ഷനിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് അഡ്വ. കെ സോമപ്രസാദ് എം.പി. പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഇ.സീനത്ത് അധ്യക്ഷയായി. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ വനമിത്ര പുരസ്കാരം നേടിയ പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനനെ ചടങ്ങിൽ ആദരിച്ചു. കേരഫെഡ് ഫാക്ടറി അങ്കണത്തിൽ വൃക്ഷതൈനട്ട് ആർ രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയുടെ വിവിധ കേന്ദ്രങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും ഔഷധസസ്യ തോട്ടം നിർമ്മിക്കുകയും ചെയ്തു.

ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുത്തൻതെരുവ് അൽ സെയ്ദ് സ്കൂളിൽ കാപാക്സ് ചെയർമാൻ പി.ആർ. വസന്തൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി നഗരസഭ 14-ാം ഡിവിഷനിൽ കൗൺസിലർ അജിതകുമാരി ഓർമ്മമരം നട്ടു. പുലയർ യൂത്ത് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ തൊടിയൂരിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് വൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്തു.