കരുനാഗപ്പള്ളി: ചികിത്സയ്ക്കപ്പുറം കരുതലും സ്നേഹവും പകരുന്ന പ്രവർത്തനങ്ങളിലൂടെ കരുനാഗപ്പള്ളിയിൽ ശ്രദ്ധേയമാകുകയാണ് റോട്ടറി ക്ലബ് ഓഫ് കരുനാഗപ്പള്ളി. ക്ലബ്ബിന്റെ ജീറിയാട്രിക് ക്ലിനിക്കിലൂടെ മുതിർന്ന പൗരന്മാർക്ക് വർഷങ്ങളായി മാസംതോറും സൗജന്യ ആരോഗ്യ പരിശോധനയും ആവശ്യമായ വൈദ്യസഹായവും നൽകിവരുന്നത് ഏറെ അഭിനന്ദനാർഹമാണ്.
ആരോഗ്യപരിചരണത്തോടൊപ്പം മാനസിക സന്തോഷത്തിനും പ്രാധാന്യം നൽകിയാണ് കരുനാഗപ്പള്ളിയിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ സേവനങ്ങൾ ഒരുക്കുന്നത്. ഓഗസ്റ്റ് മാസത്തെ ക്യാമ്പിൽ 88 പേരെ പരിശോധിച്ച് ആവശ്യമായ ചികിത്സയും ആരോഗ്യനിർദേശങ്ങളും നൽകി. പദ്ധതി ചെയർമാൻ റോട്ടേറിയൻ ഡോ. പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ റോട്ടേറിയൻ ഡോ. പ്രേമചന്ദ്രൻ നായർ, ഡോ. നാരായണക്കുറുപ്പ്, ഡോ. അബ്ദുൽസലാം എന്നിവർ ചികിത്സാസേവനം നൽകി.
റോട്ടേറിയൻ ഡോ. പ്രേമചന്ദ്രൻ നായർ സ്പോൺസർ ചെയ്ത പ്രഭാതഭക്ഷണവും ആരോഗ്യ മാസികയും ഗുണഭോക്താക്കൾക്ക് നൽകി. ഓണത്തിന് മുന്നോടിയായി 88 പേർക്കും ഓണസമ്മാനം വിതരണം ചെയ്തു. ഓണസമ്മാനം പദ്ധതി ചെയർമാൻ റോട്ടേറിയൻ ഡോ. പരമേശ്വരൻ പിള്ള സ്പോൺസർ ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് മനോജിന്റെയും സെക്രട്ടറി രാജീവ് ഈസ്റ്റ് ഇന്ത്യയുടെയും മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ റോട്ടേറിയൻ രഞ്ജീവ് ശേഖർ, അജിത് കുമാർ, ജനാർദ്ദനൻ പിള്ള, അജയ് അരീന, എജി റോട്ടേറിയൻ സാം തോമസ്, നിസാർ അഹമ്മദ് എന്നിവർ സജീവമായി പങ്കെടുത്തു.
മുതിർന്ന പൗരന്മാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും കൈത്താങ്ങാകുന്ന ഈ തുടർസേവനം, സമൂഹത്തോടുള്ള ഉത്തരവാദിത്തം പ്രവർത്തനങ്ങളിലൂടെ തെളിയിക്കുന്ന റോട്ടറി ക്ലബ് ഓഫ് കരുനാഗപ്പള്ളിയുടെ മാതൃകാപരമായ സേവനപ്രവർത്തനമായി മാറുകയാണ്.