വാര്‍ത്തകള്‍

കരുനാഗപ്പള്ളിയിലെ സ്ക്കൂൾ കുട്ടികളുടെ കൃഷിയിൽ വിളഞ്ഞ പച്ചക്കറി കമ്യൂണിറ്റി കിച്ചണിലേക്ക്…. 

By karunagappally.com

April 04, 2020

കരുനാഗപ്പള്ളി : സ്കൂൾ കെട്ടിടത്തിന്റെ വിശാലമായ മട്ടുപ്പാവിലെ ഗ്രോബാഗുകളിൽ കുട്ടികൾ കൃഷി ചെയ്തെടുത്ത പഴുത്തു വിളഞ്ഞ തക്കാളിയും പച്ചമുളകും വെണ്ടയും കോളി ഫ്ലവറുമെല്ലാം സാമൂഹ്യ അടുക്കളയിലെ രുചിക്കൂട്ടാകുന്നു.

സ്കൂൾ മട്ടുപ്പാവിൽ കുട്ടികൾ വിളയിച്ചെടുത്ത വിഷ രഹിതമായ നാടൻ പച്ചക്കറികളാണ് നൻമയുടെ പൊതിച്ചോറുകളിലെ വിഭവങ്ങളാകുന്നത്.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ ജൈവ പച്ചക്കറി കൃഷിയിലൂടെ കുട്ടികൾ വിളയിച്ചെടുത്ത വയാണിവ. സ്കൂൾ കെട്ടിടത്തിന്റെ വിശാലമായ മട്ടുപ്പാവിൽ ഗ്രോബാഗുകൾ നിരത്തി അതിൽ മണ്ണും ജൈവവളങ്ങളും ചേർത്താണ് ഏതാനും വർഷങ്ങളായി കൃഷി നടക്കുന്നത്.

സ്കൂളിൽ അധികം വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് വളമാക്കിയാണ് കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. സ്കൂൾ പരിസരത്ത് ഓരോ ദിവസവും അധികം വരുന്ന ന്യൂസ് പേപ്പർ ഉൾപ്പടെയുള്ള കടലാസുകൾ മണ്ണിനോടൊപ്പം ഗ്രോബാഗിൽ ചേർക്കുകയും ചെയ്തിരുന്നു. ശീതകാല കൃഷിക്കായി സ്കൂളിൽ തന്നെ മുളപ്പിച്ച തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്. തക്കാളി, പച്ചമുളക്, വെണ്ട, കോളി ഫ്ലവർ, വഴുതന, കാബേജ്, അമര തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തത്. വിളവെടുപ്പിലൂടെ ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ അടുക്കളയിലേക്ക് തന്നെയാണ് പ്രധാനമായും നൽകിയിരുന്നത്. മിച്ചമുള്ളവ അദ്ധ്യാപകർ ഉൾപ്പടെയുള്ളവർക്ക് വിൽക്കുകയും ചെയ്തിരുന്നു. ഇതു വഴി ലഭിക്കുന്ന മുഴുവൻ തുകയും ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയിലെ കിടപ്പു രോഗികൾക്കായി നൽകുകയായിരുന്നു പതിവ്. എന്നാൽ സ്ക്കൂൾ നേരുത്തേ അടച്ചതോടെ അദ്ധ്യാപകരിൽ ന്യൂചിലർക്കായിരുന്നു ചുമതല.

കഴിഞ്ഞ ദിവസം വിളവെടുപ്പിലൂടെ ലഭിച്ച പച്ചക്കറികൾ പദ്ധതി കോ-ഓർഡിനേറ്ററായ മോഹനൻ സ്കൂളിൽ തന്നെ പ്രവർത്തിച്ചു വരുന്ന നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് നൽകുകയായിരുന്നു. അടുത്ത ദിവസങ്ങളിലും ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറി സാമൂഹ്യ അടുക്കളയ്ക്ക് കൈമാറാനാണ് പദ്ധതി.