വാര്‍ത്തകള്‍

കരുനാഗപ്പള്ളിക്ക് എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നഷ്ടമാകുന്നു….

By karunagappally.com

September 08, 2020

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിക്ക് എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നഷ്ടമാകുന്നു. ആശങ്കയോടെ യാത്രക്കാർ. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനുകളിൽ ഒന്നാണ് കരുനാഗപ്പള്ളിയിലേത്. ദിവസവും 7000 ത്തോളം യാത്രക്കാർ ആശ്രയിക്കുന്നതും പ്രതിവർഷം 8 കോടിയിലധികം വരുമാനമുള്ളതുമായ സ്റ്റേഷനാണിത്. പുതിയ പരിഷ്ക്കാരത്തിലൂടെ കൂടുതൽ യാത്രക്കാർ അശ്രയിക്കുന്ന അഞ്ച് പ്രധാന ട്രയിനുകൾക്കുൾപ്പടെ ഇവിടെ സ്റ്റോപ്പ് ഇല്ലാതാകും.

നിരവധി സമരങ്ങളിലൂടെയും മറ്റും നേടിയെടുത്ത ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കാനുള്ള റെയിൽവേ അധികൃതരുടെ തീരുമാനം പുനപരിശോധിക്കണമെന്ന് റെയിൽവേ ആക്ഷൻ കൗൺസിലും പാസഞ്ചേഴ്സ് അസോസിയേക്കും ഉൾപ്പടെ ആവശ്യപ്പെടുന്നു.

ശബരി, മുംബെ ജയന്തി, നേത്രാവതി, വഞ്ചിനാട്, മാവേലി എക്സ്പ്രസുകളുടെ സ്റ്റോപ്പുകളാണ് പ്രധാനമായും നിർത്തലാക്കുന്നതിന് നിർദ്ദേശമുള്ളത്. എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും നൂറുകണക്കിന് യാത്രക്കാർ ദിവസവും ആശയിക്കുന്ന വഞ്ചിനാട് ഉൾപ്പടെയുള്ള ട്രയിനുകളുടെ സ്റ്റോപ്പ് നിലനിർത്താൻ അധികൃതർ തയ്യാറാകണമെന്ന് പാസഞ്ചേഴ്സ് ആസാസിയേഷൻ ഭാരവാഹി പി. സുനിൽകുമാർ ആവശ്യപ്പെട്ടു.

താലൂക്ക് നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാതാകുന്നത് വലിയ തിരിച്ചടിയാവും. ഇതിനെതിരെ ആക്ഷൻ കൗൺസിൽ വെള്ളിയാഴ്ച ധർണ്ണ സമര നടത്തുമെന്ന് കൺവീനർ കെ.കെ. രവി പറഞ്ഞു.

റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ നിർത്തലാക്കാനുള്ള ഏതു നടപടിയും ശക്തമായി ചെറുക്കുമെന്ന് അഡ്വ. എ.എം. ആരിഫ് എം.പി. പറഞ്ഞു. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്ന ഉടൻ തന്നെ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും ചെയർമാൻ വിനോദ് കുമാറിനും കത്തയച്ചിട്ടുണ്ട്.