വാര്‍ത്തകള്‍

മുൻ എം.എൽ.എ. ആർ.രാമചന്ദ്രൻ അന്തരിച്ചു.

By karunagappally.com

November 21, 2023

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുൻ എം.എൽ.എ. ആർ.രാമചന്ദ്രൻ അന്തരിച്ചു.73 വയസ്സായിരുന്നു.കരൾരോഗബാധിതനായി ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെ മൂന്നരയോടെ എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരുനാഗപ്പള്ളി മാരാരിത്തോട്ടമാണ് സ്വദേശം. ഇന്ന് രാവിലെ 10 മണിക്ക് (21/11/2023) എറണാകുളത്തു നിന്നും മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് പുറപ്പെട്ടും. ഓച്ചിറ ചങ്ങൻകുളങ്ങര നിന്നും വിലാപയാത്രയായി കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ഒരുമണിയോടെ കൊല്ലം എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയോടുകൂടി ഭൗതിക ശരീരം 3 മണിയ്ക്ക് സിപിഐ ചവറ മണ്ഡലം കമ്മിറ്റി ഓഫീസിലും 4 ന് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്കു കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.

1952 ഒക്ടോബർ 15ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് കളത്തിൽ വീട്ടിൽ രാഘവൻ ഉണ്ണിത്താന്റെയും ഈശ്വരി യമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലത്ത് തന്നെ ഇടതുപക്ഷ രാഷ്ട്രിയ ആദർശങ്ങളിൽ ആകൃഷ്ടനായി എ.ഐ.എസ്.എഫ് ലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. എ.ഐ.വൈ.എഫ്. ജില്ലാ ഭാരവാഹിയും സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടിയും സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1978 ൽ സി.പി.ഐ കുരുനാഗപ്പള്ളി താലൂക്ക് കമ്മറ്റി സെക്രട്ടറിയായി. 1982 ൽ താലൂക്ക് കമ്മറ്റി വിഭജിച്ചപ്പോൾ കരുനാഗപ്പള്ളി, ചവറ മണ്ഡലം കമ്മറ്റി സെക്രട്ടറിയായി. 2000 ൽ കരുനാഗപ്പള്ളി ഡിവിഷനിൽ നിന്നും കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി. 2006 ൽ സിഡ്കോ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 2012 മുതൽ 2016 വരെ സി.പി.ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി . സംസ്ഥാന കമ്മറ്റി അംഗവുമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൊല്ലം ജില്ലാ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. 2016 നടന്ന തിരഞ്ഞെടുപ്പിൽ എം.എൽ.എ. ആയി കരുനാഗപ്പള്ളിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ഭാര്യ :- പ്രിയദർശിനി (റിട്ട:അസിസ്റ്റന്റ് കമ്മീഷണർ, ട്രാവൻകൂർ ദേവസ്വം ബോർഡ്), മകൾ :- ദീപ ചന്ദ്രൻ മരുമകൻ :- അനിൽ കുമാർ, കൊച്ചുമക്കൾ :- ഡോ:നീലാഞ്ജന, ഗോവർദ്ധൻ.

ആദരാഞ്ജലികൾ….