വാര്‍ത്തകള്‍

മുൻ നഗരസഭാ സെക്രട്ടറി ഫൈസലിന് വനമിത്ര പുരസ്കാരം….

By karunagappally.com

July 03, 2024

കരുനാഗപ്പള്ളി : മികച്ച വനവൽക്കരണ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര പുരസ്കാരം കരുനാഗപ്പള്ളി, തൊടിയൂർ, പുലിയൂർ വഞ്ചി വടക്ക്, പുള്ളിയിൽ വീട്ടിൽ ഫൈസൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.

തിരുവനന്തരപുരത്ത് വനം വകുപ്പ് ആസ്ഥാനമായ വനശ്രീയിൽ നടന്ന ചടങ്ങിൽ ഫിലിം ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻഷാജി എം കരുൺ, വനം വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാസിംഗ് എന്നിവരും പങ്കെടുത്തു.

25,000 രൂപയും ട്രോഫിയും പ്രശസ്ഥിപത്രവുമാണ് അവാർഡ്.കോറോണ കാലത്ത് മരണമടഞ്ഞ മാതാവ് ആബിദാതങ്കത്തിൻ്റെ ഓർമ്മക്കായി -തങ്കവനം- എന്ന പേരിൽ വീടിനു ചുറ്റിലുമായി രണ്ടര ഏക്കർ സ്ഥലത്ത് വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന അപൂർവ്വമായ വ്യക്ഷങ്ങളും ഔഷധ സസ്യങ്ങളും വച്ച് പിടിപ്പിച്ച് വനം രൂപപ്പെടുത്തിയാണ് ഫൈസൽ അവാർഡിന് അർഹത നേടിയത്. റെഡ് ഡേറ്റ ലിസ്റ്റിൽ ഉൾപ്പെട്ട ചെടികൾ ഉൾപ്പെടെ 1000 ഓളം ഇനം അപൂർവ്വ ചെടികൾ ഇവിടെയുണ്ട്. മിയവാക്കി മാതൃകയിലുളള തങ്കവനത്തിൽ മഴവെള്ള സംഭരണത്തിനും സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.

കൊടുവള്ളി, വളഞ്ചേരി, കരുനാഗപ്പള്ളി നഗരസഭകളിൽ നഗരസഭാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഫൈസൽ നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ കൊല്ലം ജില്ലയിൽ ഇൻ്റേർണൽ വിജിലൻസ് ഓഫീസർ ( അസി. ഡയറക്ടർ ) തസ്തികയിൽ ജോലി ചെയ്യുകയാണ്. കായംകുളം ബാറിൽ അഭിഭാഷകനായും പ്രവർത്തിയിട്ടുണ്ട്.

കേരള പബ്ളിക് സർവ്വീസ് കമ്മിഷൻ ജോയിൻ്റ് സെക്രട്ടറിയായിരുന്ന പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞാണ് പിതാവ്. ഭാര്യ: ഹസീന, മക്കൾ: മിന, മാരിയ ( നിയമ വിദ്യാർത്ഥികൾ ), മിന്ന ( പ്ലസ് ടു വിദ്യാർത്ഥി )

ചിത്രം: മന്ത്രി എ കെ ശശീന്ദ്രനിൽ നിന്നും ഫൈസൽ അവാർഡ് ഏറ്റുവാങ്ങുന്നു.