കൊല്ലം : സിപിഐ എം സംസ്ഥാന സമ്മേളന വിളംബരമായി സംഘടിപ്പിച്ച വാക്കത്തോണിൽ അണിനിരന്നത് രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും യശ്ശസുയർത്തിയ അഭിമാന താരങ്ങൾ. നഗരവീഥിയെ പ്രകമ്പനം കൊള്ളിച്ച വാക്കത്തോണിൽ ഒളിമ്പ്യൻമാരും അന്തർദ്ദേശീയ കായികതാരങ്ങളും കായിക മേഖലയിലെ ജില്ലയുടെ ഭാവി വാഗ്ദാനങ്ങളും ഒപ്പം ബഹുജനങ്ങളും പങ്കാളികളായി. വാക്കത്തോൺ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു.
എസ് എൻ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബോടെ ആയിരുന്നു വാക്കത്തോണിൻ്റെ തുടക്കം. ബാൻഡ് മേളം, റോളർ സ്കേറ്റിങ് താരങ്ങൾ, ബുള്ളറ്റ് റൈഡേഴ്സ് എന്നിവരും അകമ്പടിയായി. ജില്ലാപഞ്ചായത്ത് ഓഫിസിനു മുന്നിൽ നിന്നാരംഭിച്ച വാക്കത്തോൺ ചിന്നക്കട ബസ് ബേയിൽ സമാപിച്ചു.
സമാപന സമ്മേളനത്തിൽ ഒളിമ്പ്യൻമാരെയും ദേശീയ – സംസ്ഥാന തലത്തിൽ മികവു തെളിയിച്ച മറ്റു കായിക പ്രതിഭകളെയും മന്ത്രി കെ.എൻ. ബാലഗോപാൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എസ്. സുദേവൻ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ അനിൽ കുമാർ, മുൻ ഇന്ത്യൻ താരം കെ.അജയൻ, സ്പോർട്ട്സ് കമ്മിറ്റി കൺവീനർ ആർ ബിജു, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് എക്സ്. ഏണസ്റ്റ്, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പതു വരെയാണ് കൊല്ലത്ത് നടക്കുന്നത്.