കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ തുറന്ന വായനശാല തുടങ്ങി….

കരുനാഗപ്പള്ളി : റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് വായനയുടെ ലോകം തുറന്ന് ഇനി ഗ്രന്ഥശാലയും. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലാണ് എൻ.എസ്.എസ്. വാളന്റിയർമാർ തുറന്ന വായനശാല ഒരുക്കിയത്. കുലശേഖരപുരം ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയിൽവേ യാത്രക്കാർക്കായി തുറന്ന വായനശാല ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്നവർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ എടുത്ത് വായിക്കാം. രാവിലെ ഓഫീസിൽ പോയി തിരികെ വരുന്നവർക്ക് യാത്രയിലും പുസ്തകങ്ങൾ ഉപയോഗിക്കാം. തിരികെ വരുമ്പോൾ ഷെൽഫിൽ തിരികെ വയ്ക്കണമെന്നു മാത്രം. വായനക്കാർക്ക് പുതിയ പുസ്തകങ്ങൾ നിക്ഷേപിക്കുകയും ചെയ്യാം. ലഘുവായനയ്ക്ക് ഉപകരിക്കുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് തുറന്ന ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജി. രത്നാകരന് പുസ്തകം നൽകി ലൈബ്രറി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് അധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ എ.അൻസർ സ്വാഗതം പറഞ്ഞു.

പി.ടി.എ. പ്രസിഡന്റ് ജി. രഘു, സ്കൂൾ വികസന സമിതി രക്ഷാധികാരി പി. ഉണ്ണി, ഗ്രാമ പഞ്ചായത്തംഗം എച്ച്.എ. സലാം, കവി ആദിനാട് തുളസി, സലിംസേട്ട്, സജീവൻ സൗപർണ്ണിക, മാലിക്, ഉമറുൾ ഫറൂക്ക്, തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !