ശാസ്ത്ര പ്രതിഭയെ തേടി കുട്ടികളെത്തി…. കരുനാഗപ്പള്ളി തുറയിൽകുന്ന്….

കരുനാഗപ്പള്ളി : ശാസ്ത്ര ഗവേഷണ രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച ശാസ്ത്ര പ്രതിഭയും കുട്ടികളുമായി കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായി. കണ്ണൂർ യൂണിവേഴ്സിറ്റി ബയോ ഇന്നവേഷൻ കേന്ദ്രം ഡയറക്ടർ ഡോ: എ. സാബുവുമായാണ് കുട്ടികൾ ശാസ്ത്ര സംവാദം നടത്തിയത്.

തുറയിൽകുന്ന് എസ്.എൻ.യു.പി. എസിലെ വിദ്യാർത്ഥികളാണ് ഡോ. സാബുവുമായി ശാസത്ര സംവാദത്തിന് എത്തിയത്. ബയോടെക്നോളജി മേഖലയിൽ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തുകയും ഹംഗറി, ഫ്രാൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായും ഉൾപ്പടെ പ്രവർത്തിച്ച അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും മുൻ കൊച്ചി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗവും കൂടിയായ അദ്ദേഹം ആക്കാദമിക രംഗത്തെ മാറുന്ന കാഴ്ചപ്പാടുകളും അവതരിപ്പിച്ചു. എത്രയൊക്കെയാണെങ്കിലും ഇപ്പോഴും പഠനം ശിശു കേന്ദ്രീകൃതമാകുന്നില്ലെന്നും പൊതു വിദ്യാലയത്തിൽ പഠിച്ച് വളർന്നതാണ് തന്റെ ജീവിതവിജയമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്തമായ വിദ്യാഭ്യാസ ശൈലിയും അദ്ദേഹം പങ്കുവെച്ചു. കുട്ടികൾക്കെല്ലാം പുസ്തകങ്ങൾ നൽകിയാണ് അദ്ദേഹം സ്വീകരിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് നദീറാബീവി, അദ്ധ്യാപകരായ കെ.ജി. ശിവപ്രസാദ്, ഷംസുദ്ദീൻ, ഫ്രിജിലാൽ തുടങ്ങിയവരും പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !