കരുനാഗപ്പള്ളി : ദുരിത ബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠം പത്തു കോടി രൂപയുടെ ചെക്ക് കൈമാറി. ദുരിതബാധിത പ്രദേശങ്ങളിൽ അമൃതാനന്ദമയി മഠം നടത്തിവരുന്ന ഭക്ഷണ വിതരണവും മെഡിക്കൽ ക്യാംപുകളും മറ്റു സഹായങ്ങളും ഇപ്പോഴും തുടരുന്നു.
മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധ് (അമൃത യുവധർമധാര) പ്രവർത്തകരും മഠത്തിലെ സന്നദ്ധ സേവകരും ഭക്തരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പങ്കെടുക്കുന്നു.
നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, പലചരക്കുകൾ തുടങ്ങിയവയും ദുരന്തബാധിത പ്രദേശങ്ങളിൽ മഠം എത്തിക്കുന്നുണ്ട്.
ദുരിത ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിലും അമൃതപുരി അന്തേവാസികൾ പ്രവർത്തകരായുണ്ട്.
കൊച്ചിയിലെ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ സ്ഥിരമായി മെഡിക്കൽ ക്യാമ്പുകളും നടത്തിവരുന്നു.