കൊല്ലം: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാചക വാതക അദാലത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ സിലിണ്ടറുകളുടെ ബുക്കിങ്ങില്‍ വന്ന വര്‍ധനവ് മൂലമാണ് വിതരണത്തില്‍ ചെറിയ കാലതാമസം ഉണ്ടാകുന്നത്. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് ലഭ്യതക്കുറവില്ല. പാചകവാതക വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടായാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും അവശ്യമേഖലകളായ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യകതയ്ക്ക് അനുസരിച്ച് വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നും അറിയിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വാണിജ്യ ആവശ്യത്തിന് ദുരുപയോഗിക്കുന്നത് തടയാന്‍ ജില്ലയില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.
ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഉപഭോക്തൃ സംഘടന പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
