അമൃത വിശ്വവിദ്യാപീഠം ഉപകരണങ്ങൾ വിതരണം ചെയ്തു

കരുനാഗപ്പള്ളി: കടൽപ്പായൽ കൃഷിക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്ത് അമൃത വിശ്വവിദ്യാപീഠം. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന അമ്മച്ചി ലാബ്സ് (അമൃത മൾട്ടി മോഡൽ ആപ്ലിക്കേഷൻസ് യൂസിങ് കമ്പ്യൂട്ടർ ആന്റ് ഹ്യൂമൻ ഇന്ററാക്ഷൻ ലാബ്‌സ്) ന്റെയും സെന്റർ ഫോർ വുമൺ എംപവർമെന്റ് ആന്റ് ജെന്റർ ഈക്വാലിറ്റി (സി ഡബ്ള്യൂ ഇ ജി ഇ) യുടെയും നേതൃത്വത്തിലാണ് തെരഞ്ഞെടുത്ത തീരദേശ ഗ്രാമങ്ങളിലെ വനിതകൾക്ക് കടൽപ്പായൽ കൃഷിക്കാവശ്യമായ ഉപകരണങ്ങൾ നൽകിയത്. തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ സാംബായ്, ഓലൈക്കുട, തിരുപ്പാലിക്കുടി, തൊണ്ടി, സോളിയക്കുടി എന്നീ അഞ്ചു ഗ്രാമങ്ങളിലെ വനിതകൾക്കാണ് ഉപകരണങ്ങൾ കൈമാറിയത്. രാമനാഥപുരത്ത് നടന്ന ചടങ്ങ് സി ഡബ്ള്യൂ ഇ ജി ഇ അസോസിയേറ്റ് ഡയറക്ടർ ശ്രീവിദ്യ ശേഷാദ്രി ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധന വകുപ്പ് ഫീൽഡ് ഇൻസ്‌പെക്ടർ കാർത്തിക് രാജ്, അമൃത വിദ്യാലയ മാനേജർ ബ്രഹ്മചാരിണി ലക്ഷ്മി, പദ്ധതികളുടെ സോണൽ ലീഡ് ബ്രഹ്മചാരിണി അമൃത, ഫീൽഡ് കോർഡിനേറ്റർ തിരുമുരുകൻ, വി ആർ ഭാനു, അശ്വതി എന്നിവർ പങ്കെടുത്തു.

ബ്ലൂ ഈസ് ദി ന്യൂ പിങ്ക് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമായി തീരദേശ ഗ്രാമങ്ങളിലെ സ്ത്രീകൾക്കാണ് കടൽപ്പായൽ കൃഷിക്കാവശ്യമായ സൗകര്യമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി മീൻവലകൾ, കയറുകൾ മുതലായ ഉപകരണങ്ങളും ലൈഫ് ജാക്കറ്റ്, അണ്ടർവാട്ടർ ഗോഗിൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകാരണങ്ങളുമാണ് വിതരണം ചെയ്യുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി തീരദേശങ്ങളിലെ വനിതകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയിൽ ഉപകരണങ്ങൾക്ക് പുറമെ പരിശീലനം, ധനസഹായം, മെന്ററിങ് എന്നിവയും അമ്മച്ചി ലാബ്‌സിന്റെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്. ഇത്തരത്തിൽ ഇതുവരെ നൂറിലധികം പേർക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുകയും നൂറോളം പേർക്ക് വിദഗ്ദ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. കൊല്ലം ആലപ്പാട് പഞ്ചായത്തിലെ സ്ത്രീകളും അമ്മച്ചി ലാബ്സ് നടത്തിവരുന്ന സ്ത്രീശാക്തീകരണ ക്യാമ്പയിനുകളുടെ ഗുണഭോക്താക്കളാണ്.

സുസ്ഥിരവികസനം, സമുദ്രസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീകളുടെ സാമ്പത്തിക സതന്ത്ര്യം എന്നിങ്ങനെ ഒന്നിലധികം ലക്ഷ്യങ്ങളാണ് പദ്ധതിയെ മുന്നോട്ടുനയിക്കുന്നതെന്നും ഈ പദ്ധതിയിലൂടെ അതിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം 1300 കിലോയിലധികം കടൽപ്പായൽ വിളവെടുത്ത് ചരിത്രം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഈ വർഷം വിളവ് വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഫോട്ടോ: കടൽപ്പായൽ കൃഷിക്കാവശ്യമായ ഉപകരണങ്ങളുമായി വനിതകൾ



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !