വുമൻസ് ഫോർ എത്തിക്കൽ എ ഐ; സൗത്ത് ഏഷ്യൻ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു…

കരുനാഗപ്പള്ളി : യുനെസ്‌കോയുടെ കീഴിലുള്ള വുമൻസ് ഫോർ എത്തിക്കൽ എ ഐ (ഡബ്ള്യൂ 4 ഇ എ ഐ ) സൗത്ത് ഏഷ്യൻ ചാപ്റ്റർ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ചടങ്ങിൽ യുനെസ്‌കോ പ്രതിനിധി അംഗമായ ഗബ്രിയേല റാമോസ്, യുനെസ്കോ സൗത്ത് ഏഷ്യ റീജിയൻ എസ് എച് എസ് സെക്ഷൻ ചീഫ് പ്രൊഫ. യൂൻസോങ് കിം, ഡോ. രമാദേവി ലങ്ക ഉൾപ്പെടെയുള്ളവർ ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സ്‌കൂൾ ഓഫ് സോഷ്യൽ ആന്റ് ബിഹേവിയറൽ സയൻസസ്, യുനെസ്‌കോ ചെയർ ഫോർ ജെന്റർ ഈക്വാലിറ്റി ആന്റ് വുമൺസ് എംപവർമെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജെന്റർ ആന്റ് ടെക്‌നോളജി കോൺഫറൻസിന്റെ സമാപന ചടങ്ങിലാണ് സൗത്ത് ഏഷ്യൻ ചാപ്റ്ററിന്റെ പ്രവർത്തനം പ്രഖ്യാപിച്ചത്. യുനെസ്‌കോ ചെയർ ഫോർ ജെന്റർ ഈക്വാലിറ്റി ആന്റ് വുമൺസ് എംപവർമെന്റ് പദവി വഹിക്കുന്ന അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തിലായിരിക്കും ഡബ്ള്യൂ 4 ഇ എ ഐ സൗത്ത് ഏഷ്യൻ ചാപ്റ്ററിന്റെ പ്രവർത്തനം. ഡിജിറ്റൽ സാങ്കേതിക വിദ്യകളിൽ സ്ത്രീകളുടെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി ദക്ഷിണ ഏഷ്യയിലെ വ്യവസായ, ഗവൺമെന്റ്, സിവിൽ സൊസൈറ്റി എന്നിവിടങ്ങളിലെ വനിതകളെ സഹകരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പുതിയ ചാപ്പ്റ്ററിന് എ ഐ രംഗത്തെ വികസനത്തിനായി കാര്യമായ സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപന ചടങ്ങിൽ ഡോ. ജസ്റ്റിൻ പോൾ വിശിഷ്ടാതിഥിയായി. അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റ് സ്വാമി അമൃത സ്വരൂപാനന്ദ പുരി, സർവകലാശാലാ പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ്, സ്‌കൂൾ ഓഫ് സോഷ്യൽ ആന്റ് ബിഹേവിയറൽ സയൻസസ് ഡീൻ ഡോ. ഭവാനി റാവു, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പി ജി പ്രോഗ്രാംസ് ഡീൻ ഡോ. കൃഷ്ണശ്രീ അച്യുതൻ, ഗായത്രി മണിക്കുട്ടി, ഡോ. ഉണ്ണികൃഷ്ണൻ രാധാകൃഷ്ണൻ, ഐ ഇ ഇ ഇ കേരളം ചാപ്റ്റർ ചെയർ ഡോ. ബി എസ് മനോജ്, റേച്ചൽ അഖോനെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് സൊസൈറ്റി ഓൺ സോഷ്യൽ ഇംപ്ലിക്കേഷൻസ് (ഐ ഇ ഇ ഇ – എസ് എസ് ഐ ടി), എസ് എസ് ഐ ടി കേരള ചാപ്റ്റർ എന്നിവരാണ് അന്താരാഷ്ട്ര കോൺഫറൻസിന്റെ മറ്റു പ്രധാന സ്‌പോൺസർമാർ. അന്താരാഷ്ട്ര കോൺഫറൻസിൽ വിവിധ സെഷനുകളിലായി അമ്പതോളം വിദഗ്ദർ സംസാരിച്ചു. പ്രഭാഷണ പരമ്പരകൾ, മെഗാ ഹാക്കത്തോൺ, ക്ലാസുകൾ, പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യമായ പരിപാടികളാണ് അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി അമൃതപുരിയിൽ ഒരുക്കിയത്.

ഫോട്ടോ: യുനെസ്‌കോ പ്രതിനിധികളോടൊപ്പം അമൃത വിശ്വവിദ്യാപീഠം പ്രതിനിധികളായ ഡോ. ഭവാനി റാവു, ഡോ. കൃഷ്ണശ്രീ അച്യുതൻ എന്നിവർ



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !