കരുനാഗപ്പള്ളി : ശാസ്ത്ര – സാങ്കേതിക രംഗത്തെ നൂതന ആശയങ്ങളും സാങ്കേതിക ജ്ഞാനവും പങ്കു വയ്ക്കുന്ന ദ്വിദിന ദേശീയ സയൻസ് ഒളിമ്പ്യാഡ് ‘സയൻക്വസ്റ്റിന്’ അമൃതയിൽ തുടക്കമായി. അമൃത സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സയൻസ് ഒളിമ്പ്യാഡ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ എസ് എച് എ ആർ (എസ് ഡി എസ് സി – എസ് എച് എ ആർ) ഡയറക്ടർ ഡോ. എ രാജരാജൻ ഉദ്ഘാടനം ചെയ്തു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസസ് ഡീൻ ഡോ. ഗീത കുമാർ, പ്രിൻസിപ്പാൾ ഡോ. എം നിധീഷ്, സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി, അമൃത സ്‌കൂൾ ഓഫ് സ്പിരിച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പാൾ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, എന്നിവർ സംസാരിച്ചു. കേന്ദ്ര ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിംഗ്, പാർലമെന്ററി കാര്യ മന്ത്രിയും പട്ടികജാതി ദേശീയ കമ്മീഷൻ മുൻ ചെയർമാനുമായ ഡോ. എൽ മുരുഗൻ സയൻസ് ഒളിമ്പ്യാഡിന് പ്രത്യേകം ആശംസകളറിയിച്ചു. ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസ് നയിക്കുന്ന ദേശീയ തല ബ്രെയ്ൻ ക്വസ്റ്റ്, മാത് ക്വസ്റ്റ് തുടങ്ങിയ ക്വിസ് മത്സരങ്ങൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ എന്നിവ കൂടാതെ സയൻസ് എക്സ്പോയും രണ്ടു ദിവസത്തെ ഒളിമ്പ്യാഡിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഐ എസ് ആർ ഒ, അമൃത മെഡിക്കൽ സയൻസസ്, അമൃത റിസർച്ച് സെന്റർ തുടങ്ങിയ പ്രമുഖ വിജ്ഞാന ഏജൻസികൾ ഒരുക്കുന്ന സ്റ്റാളുകൾ ഉൾപ്പെടുന്നതാണ് സയൻസ് എക്സ്പോ. രാജ്യത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഒളിമ്പ്യാഡ് സന്ദർശിക്കും. രണ്ടാം ദിവസം അമൃതപുരിയിൽ വച്ച് നടക്കുന്ന സമാപന ചടങ്ങ് ഐ എസ് ആർ ഓ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.
Copyright © 2003-2025 karunagappally.com Developed by Sudheesh.R