കരുനാഗപ്പള്ളി വില്ലേജിൽ ഡിജിറ്റൽ സർവ്വേക്ക് തുടക്കമായി….

കരുനാഗപ്പള്ളി : സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ സർവേ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി വില്ലേജിൽ ഡിജിറ്റൽ സർവ്വേയ്ക്ക് തുടക്കമായി.മെഷീൻ സ്വിച്ച് ഓൺ ചെയ്തു നഗരസഭ ചെയർമാൻ കോട്ടയിൽരാജു ഉദ്ഘാടനം നിർവഹിച്ചു.

കരുനാഗപ്പള്ളി ടി ബി ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ റീ സർവ്വേ സൂപ്രണ്ട് എസ് താര അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എ സുനിമോൾ, കൗൺസിലർമാരായ നിസ്സാംബായി, എം ശോഭന, സർവ്വേ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ആർടികെ ഡ്രോൺ, ആർടിഎസ് എന്നീ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ സർവേനടപടികൾ പൂർത്തിയാക്കുമെന്നും പൊതുജനങ്ങൾ തങ്ങളുടെ ഭൂമിയുടെ കൃത്യമായ അതിരുകൾ സർവ്വേ ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്തും ഉദ്യോഗസ്ഥർ ആവിശ്യപെടുന്ന ഭൂമി സംബന്ധമായ രേഖകളും ഫോൺ നമ്പറും നൽകിയും സഹരിക്കണമെന്നും സർവ്വേ സൂപ്രണ്ട് എസ് താര പറഞ്ഞു. ഡിജിറ്റൽ സർവ്വേ പൂർത്തിയാകുന്നതോടെ ഭൂമി കൈമാറ്റ വേളയിലെ തട്ടിപ്പുകൾ ഒഴിവാകുകയും പോക്കുവരവ് ഉൾപ്പെടെയുള്ള നടപടികൾ കൂടുതൽ എളുപ്പവും സുതാര്യവുമാകും. കൈയേറ്റ ഭൂമി ഉൾപ്പെടെ കണ്ടെത്താൻ കഴിയും.

ഡിജിറ്റൽ സർവേ പൂർത്തിയാക്കി ഡിജിറ്റൽ ഭൂ രേഖകൾ തയാറാക്കുന്നതോടെ വിവിധ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായകമാകും. കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂർ, കല്ലേലിഭാഗം, കുലശേഖരപുരം വില്ലേജുകളിലെ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കി അന്തിമ വിഞ്ജാപനത്തിനുള്ള തയാറെടുപ്പിലാണ്.

ചിത്രം: കരുനാഗപ്പള്ളി വില്ലേജിൽ ഡിജിറ്റൽ സർവ്വേയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !