കരുനാഗപ്പള്ളി : മതസൗഹാർദ്ദം, മയക്കുമരുന്നു ദുരുപയോഗം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിൽ പൊതുജന അവബോധ ക്യാമ്പയിനുമായി മാതാ അമൃതാനന്ദമയി മഠം. മഠത്തിൻറെ യുവജനസംഘടനയായ അയുദ്ധിന്റെ നേതൃത്വത്തിലാണ് ഓച്ചിയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. മതസൗഹാർദ്ദം, മയക്കുമരുന്നു ദുരുപയോഗം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിൽ പൊതുജനശ്രദ്ധയും അവബോധവും കൊണ്ടുവരിക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച പരിപാടിക്ക് സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനുമായ സ്വാമി അമൃത സ്വരൂപാനന്ദ പുരി നേതൃത്വം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒമ്പതോളം സ്ത്രീകളെ ചടങ്ങിൽ ആദരിച്ചു. സ്ത്രീ-പുരുഷന്മാർ ഒരു പക്ഷിയുടെ രണ്ടു ചിറകുകൾ പോലെയാണെന്ന സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട്, മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ സ്ത്രീകളുടെ പങ്കിനെ കൃതജ്ഞതയോടെ സ്മരിക്കുവാൻകൂടിവേണ്ടിയാണ് ഈ പൊതുപരിപാടി സംഘടിപ്പിക്കുന്നതെന്നും സമൂഹത്തിൻറെ നാനാതുറകളിലായി സേവനമനുഷ്ഠിക്കുന്ന വനിതകളെ ആദരിച്ചുകൊണ്ട്, സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം പകരാൻ ശ്രമിക്കുകയായെന്നും അയുദ്ധ് പ്രവർത്തകർ അറിയിച്ചു. മയക്കുമരുന്ന് നിർമാർജ്ജന ബോധവൽക്കരണത്തിന്റെ ഭാഗമായി യുവജന സംഘാംഗങ്ങൾ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രതിജ്ഞയെടുത്തു.
ഈ വർഷത്തെ അയുദ്ധ് ഗ്ലോബൽ മീറ്റിന്റെ ഭാഗമായാണ് വിവിധ വിഷയങ്ങളിൽ അവബോധം ഉണർത്തുന്നതിനായി ജനകീയ ക്യാമ്പുകൾ സംഘടിപ്പിച്ചത്. മതസൗഹാർദ്ദ ബോധവൽക്കരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി അഹ്‌മദീയ മുസ്ലിം മസ്ജിദ് , ക്ലാപ്പന സെന്റ് ജോർജ് ചർച്ച്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം എന്നിവിടങ്ങളിൽ മതസൗഹാർദ്ദ സന്ദേശങ്ങളുമായി യുവജനസംഘം സന്ദർശനം നടത്തി. അയുദ്ധിന്റെ ആഗോള പ്രതിനിധി സമ്മേളനത്തിൽ 30 രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പേരാണ് പങ്കെടുക്കുന്നത്. നേതൃത്വ പാടവം, വ്യക്തിത്വ വികാസം, മൂല്യാധിഷ്ഠിത സേവനം എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി വിദഗ്ദർ ക്ലാസുകൾ കൈകാര്യം ചെയ്യും. ഡിസംബർ 29 മുതൽ 31 വരെ അമൃതപുരിയിൽ വച്ച് നടക്കുന്ന സമ്മേളനത്തതിന്റെ ഭാഗമായി പ്രഭാഷണ പരമ്പരകൾ, ശില്പശാലകൾ, ബോധവൽകരണ ക്യാമ്പയിനുകൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
യോഗത്തിനു മുന്നോടിയായി ആയുദ്ധിൻ്റെ പ്രവർത്തകർ ഓച്ചിറ മൈതാനം മുഴുവൻ തൂത്തുവൃത്തിയാക്കി മാലിന്യങ്ങൾ വാരിക്കൊണ്ടുപോയി മാതൃകയായി.ഓച്ചിറ ബസ് സ്റ്റേഷൻ കെട്ടിടം ചേർന്നു തെക്കു ഭാഗത്തും, പടിഞ്ഞാറ് ഭാഗത്തും പ്ലാസ്റ്റിക് ഉൾപ്പെടുന്ന മാലിന്യ കൂമ്പാരം സ്ഥിരം കാഴ്ച ആയിരുന്നു.