കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ നിർമ്മിക്കുന്ന ഓപ്പൺ ഫ്ലൈ ഓവറിന്റെ നീളം 1.2 കിലോമീറ്ററായി നീട്ടി. ഇതനുസരിച്ച് ലാലാജി ജംഗ്ഷൻ മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെ പില്ലറുകളിൽ സ്ഥാപിക്കുന്ന ഫ്ലൈ ഓവർ ആണ് നിർമ്മിക്കുന്നത്. നേരത്തെ സിവിൽ സ്റ്റേഷൻ ഭാഗം വരെ ഓപ്പൺ ഫ്ലൈ ഓവർ നിർമ്മിക്കാനായിരുന്നു തീരുമാനം. ഇതോടൊപ്പം 450 മീറ്റർ കൂടി നീളം വർദ്ധിപ്പിച്ച് ഹൈസ്കൂൾ ജംഗ്ഷൻ വരെ ഫ്ലൈ ഓവർ നിർമ്മിക്കാനാണ് പുതിയ തീരുമാനം. ഇതിൻ്റെ നിർമ്മാണം ടൗണിൽ വേഗത്തിൽ പുരോഗമിക്കുകയാണ്.
38 പില്ലറുകളിലായാണ് ഫ്ലൈ ഓവർ നിർമ്മിക്കുക. ഓരോ ഫില്ലറുകൾക്കും ആറു പൈലുകളാണ് വേണ്ടി വരിക. തുടർന്ന് പിയർ ക്യാപ്പിൽ അഞ്ച് ഗർഡറുകൾ വീതം സ്ഥാപിക്കും. സമാന്തരമായി സർവീസ് റോഡുകളുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. കേരളത്തിൽ 45 മീറ്ററിലാണ് ദേശീയപാതയുടെ മെയിൻ റോഡും സർവീസസ് റോഡുകളും ഉൾപ്പെടെ നിർമ്മിക്കേണ്ടി വരുന്നത്. ഫ്ലൈ ഓവറിന്റെ പില്ലറുകൾക്കായി അഞ്ച് മീറ്റർ താഴ്ചയിലും എട്ട് മീറ്റർ വീതിയിലുമായി ഓരോ പില്ലറുകൾക്കും ഫൗണ്ടേഷനുകൾ നിർമ്മിക്കേണ്ടതുണ്ട്. സർവീസ് റോഡുകൾ നിർമ്മിച്ചതിനു ശേഷം ഈ ഫൗണ്ടേഷനുകൾക്കായി കുഴിയെടുത്താൽ റോഡുകൾ ഇടിഞ്ഞുതാഴും എന്നുള്ളതിനാൽ പില്ലറുകളുടെ ഫൗണ്ടേഷൻ (പൈൽ ക്യാപ്പ്) കൂടി പൂർത്തിയാകുന്ന മുറയ്ക്കാണ് ഇപ്പോൾ സർവീസ് റോഡുകളുടെ നിർമ്മാണവും പുരോഗമിക്കുന്നത്. ഇത് മൂലം ഇപ്പോൾ ടൗണിൽ വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് പരമാവധി ഒഴിവാക്കുന്നതിന് ജോലികൾ വേഗത്തിൽ പൂർത്തിയാക്കി സർവീസ് റോഡുകളും ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാനുള്ള പരിശ്രമമാണ് നടന്നുവരുന്നത്. രണ്ട് കൂറ്റൻ ഹൈഡ്രോളിക് മെഷീനുകൾ ഉപയോഗപ്പെടുത്തിയാണ് പില്ലറുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നത്.
തിരക്കേറിയ നഗരത്തിൽ പകൽ സമയത്ത് പലപ്പോഴും ഈ മിഷ്യനുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. റോഡ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗും കച്ചവടങ്ങളും സുഗമമായ റോഡ് നിർമ്മാണത്തിന് തടസ്സമാകുന്നതായി നിർമ്മാണ കമ്പനി അധികൃതർ പറയുന്നു.
ജനങ്ങളുടെ കൂടി സഹകരണം ഉണ്ടെങ്കിൽ മാത്രമേ റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നും ഇതിന് ആവശ്യമായ സഹകരണം ഉണ്ടാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇപ്പോൾ രാത്രിയിൽ കൂടുതൽ സമയം വിവിധ ഷിഫ്റ്റുകളിലായി പ്രവർത്തികൾ മുന്നോട്ടു കൊണ്ടുപോകുകയാണ്.