കോവിഡ് ചികിത്സയ്ക്കായി വള്ളിക്കാവിൽ ജില്ലയിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രം തുടങ്ങി…

കരുനാഗപ്പള്ളി : 1000 കിടക്കകളുമായി കോവിഡ് ചികിത്സയ്ക്കായി വള്ളിക്കാവിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രം തുറന്നു. ചൊവ്വാഴ്ച വൈകിട്ട് 4ന് നടന്ന ചടങ്ങിൽ ആർ.രാമചന്ദ്രൻ എം.എൽ.എ. കേന്ദ്രം ഉദ്ഘാടനം ചെയ്തു.

വള്ളിക്കാവ് അമൃത എൻജിനിയറിങ് കോളേജിന്റെ ഹോസ്റ്റലിൻ്റെ വിവിധ ബ്ലോക്കുകളിലായാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തുടങ്ങിയത്. ആറ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ആറ് ബ്ലോക്കുകളിലായാണ് ചികിത്സാ കേന്ദ്രം പ്രവർത്തിക്കുക. ക്ലാപ്പന ഗ്രാമപഞ്ചായത്തിന്റെ അനുഗ്രഹ ബ്ലോക്കാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം.

രോഗികളുടെ എണ്ണം വർദ്ധിക്കുന്നതോടെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിനും കുലശേഖരപുരം, തഴവ, ആലപ്പാട്, തൊടിയൂർ ഗ്രാമപഞ്ചായത്തുകൾക്കും നൽകിയിട്ടുള്ള ബ്ലോക്കുകളിലും രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. ഇരുപതോളം ആരോഗ്യ പ്രവർത്തകരെ ഇവിടേക്ക് ആദ്യ ഘട്ടത്തിൽ നിയമിക്കാനാണ് സാധ്യത. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും ചികിത്സാ കേന്ദ്രങ്ങളുടെ മാനേജിംഗ് കമ്മിറ്റി കൺവീനർമാരായി അതാത് പഞ്ചായത്തുകളുടെ മെഡിക്കൽ ഓഫീസർമാരും പ്രവർത്തിക്കും.

ഉദ്ഘാടനവേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സി.രാധാമണി, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.സെലീന , ശ്രീലേഖ കൃഷ്ണകുമാർ, എസ്.ശ്രീലത, കടവിക്കാട്ട് മോഹനൻ, എസ്.എം ഇക്ബാൽ, തഹസിൽദാർ ഷിബു പി., കോ-ഓർഡിനേറ്റർ ശ്രീകുമാർ, ബി.ഡി.ഒ. ആർ. അജയകുമാർ, ജെ ജയകൃഷ്ണപിള്ള, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !