ശക്തമായി മഴയിലും കാറ്റിലും കരുനാഗപ്പള്ളിയിൽ പരക്കെ നാശനഷ്ടങ്ങൾ….

കരുനാഗപ്പള്ളി: ശക്തമായി തുടരുന്ന മഴയിലും കാറ്റിലും കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ പരക്കെ നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകിവീണ് നിരവധി വീടുകൾ തകർന്നു. മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ, ലൈനുകൾ എന്നിവ പൊട്ടിവീണതിനെ തുടർന്ന് കെ.എസ്.ഇ.ബി. യ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

ആലപ്പാട് ശക്തമായ കടലേറ്റത്തിൽ തീരമേഖലയാകെ ആശങ്കയിലാണ് ചെറിയഴീക്കൽ, പണിക്കർകടവ്, അഴീക്കൽ, ശ്രായിക്കാട്, കുഴിത്തുറ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി.

ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പടനായർകുളങ്ങര വടക്ക്, മംഗലശ്ശേരി പടീറ്റതിൽ കമലമ്മയുടെ വീടിൻ്റെ മുകളിലേക്ക് മരം കടപുഴകി വീണ് വീടിന് കേടുപാടുണ്ടായി. സമീപത്ത് ഇട്ടേക്ക കിഴക്കേതറയിൽ ഐഷാ കുഞ്ഞിൻ്റെ മതിൽ തകർന്നു വീണു.

ആലപ്പാട് ചെറിയഴീക്കൽ തുറയിൽ കുമാരത്തോപ്പിൽ ബേബിയുടെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. മരുതൂർകുളങ്ങര തെക്ക് കിഴക്കേ വീട്ടിൽ വിജയ ലക്ഷ്മിയുടെ വീടിന് മുകളിൽ മരം വീണു. തേവലക്കര അരിനല്ലൂർ കല്ലുവിളതെക്കേതിൽ ബീനയുടെ വീട് മഴയിൽ ഭാഗികമായി തകർന്നു വീണു.

ഓച്ചിറ, ചങ്ങൻകുളങ്ങര പുതുശ്ശേരി തെക്കേതിൽ വിലാസിനിയുടെ വീടിൻ്റെ മുകളിൽ കാറ്റിൽ ആഞ്ഞിലിമരം വീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ഓച്ചിറ ചങ്ങൻകുളങ്ങര ഇരിപ്പക്കൽ പുത്തൻവീട്ടിൽ വിജയലക്ഷ്മിയുടെ വീടിൻ്റെ മുകളിൽ ആഞ്ഞിലിമരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു.

നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ പഞ്ചായത്ത് വില്ലേജ് അധികൃതർ സന്ദർശനം നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

രണ്ടു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബി. കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷനിൽ വൻ നാശനഷ്ടം.
187 വൈദ്യുതി പോസ്റ്റുകൾ തകർന്നുവീണു
22 എച്ച്.ടി. പോസ്റ്റ്, 165 എൽ.ടി. പോസ്റ്റ് എന്നിവ തകർന്നു. ഏകദേശം 35 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ
ശാസ്താംകോട്ട, കരുനാഗപ്പള്ളി സൗത്ത്, നോർത്ത്, മണപ്പള്ളി, ചവറ, പന്മന, ശൂരനാട്, തേവലക്കര, ഓച്ചിറ എന്നീ സെഷൻ ഓഫീസുകളാണുള്ളത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !