കരുനാഗപ്പള്ളിയിൽ പുതിയ പോലീസ് കൺട്രോൾ യൂണിറ്റ് കെട്ടിടം…. ഉദ്ഘാടനം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ അനുവദിച്ച പോലീസ് കൺട്രോൾ റൂം സ്റ്റേഷൻ കെട്ടിടം 2024 ഫെബ്രുവരി 6 ന് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. സി.ആർ. മഹേഷ് എം.എൽ.എ. അധ്യക്ഷനാകും. മന്ത്രി കെ.ബി. ഗണേഷ്കുമാർ, എം.പി. മാരായ എ.എം. ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. മുൻ എം.എൽ.എ. ആർ രാമചന്ദ്രൻ മുൻകൈയെടുത്ത് 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കരുനാഗപ്പള്ളി സബ് ഡിവിഷനിലേക്ക് പോലീസ് കൺട്രോൾ യൂണിറ്റ് അനുവദിച്ചത്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ആയിരുന്നു നിർമ്മാണം.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ യൂണിറ്റ്
കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനോട് ചേർന്ന് പഴയ പോലീസ് ക്വാട്ടേഴ്‌സ് നിന്നിരുന്ന സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പഴയ പോലീസ് ക്വാട്ടേഴ്‌സ് പൊളിച്ചുമാറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കരുനാഗപ്പള്ളിയിൽ കൺട്രോൾ റൂം വരുന്നതോടെ കരുനാഗപ്പള്ളി പോലീസ് ഡിവിഷനിലുള്ള, കരുനാഗപ്പള്ളി, ഓച്ചിറ,ചവറ, തെക്കുംഭാഗം സ്റ്റേഷനുകൾ ഈ കൺട്രോൾ റൂമിന്റെ പരിധിയിലാകും. ആറോളം കൺട്രോൾ വാഹനങ്ങളും ഇതിനായി ഭാവിയിൽ ലഭ്യമാകും. ദേശീയപാതയിലെ ഗതാഗത ക്രമീകരണങ്ങളുൾപ്പടെ കൺട്രോൾ യൂണിറ്റിൻ്റെ നിയന്ത്രണത്തിലാകും. ഒരു എസ്എച്ച്ഒ യുടെ ചുമതലയിലായിരിക്കും കൺട്രേൾ റൂം പ്രവർത്തിക്കുക.ഇവിടേയ്ക്ക് പ്രത്യേകം പോലീസുകാരെയും ആവശ്യമായ വാഹനങ്ങളും ലഭ്യമാക്കും. ദേശീയപാതയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് ഇവയെല്ലാം കണ്ട്രോൾ യൂണിറ്റിലെ വീഡിയോ വാളിൽ നിരീക്ഷിക്കും. അപകടങ്ങളോ മറ്റോ ഉണ്ടായാൽ 112 എന്ന നമ്പറിലേക്ക് വിളിച്ചാൽ ഏതാനും മിനിറ്റുകൾക്കകം കൺട്രോൾ യൂണിറ്റിന്റെ സേവനം ഇവിടെ ലഭ്യമാകും. നിലവിൽ ദേശീയ പാതയിലോ മറ്റോ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള പോലീസുകാരാണ് സംഭവസ്ഥലത്തേക്കെത്തുക. ഇത്തരം സന്ദർഭങ്ങളിൽ ആവശ്യത്തിനു പോലീസ് സേനയോ വാഹനങ്ങളോ ഉണ്ടാകാറുമില്ല.
പോലീസ് കൺട്രോൾ റൂം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും. നിലവിൽ കൊല്ലത്താണ് പോലീസ് കൺട്രോൾ റൂമുള്ളത്. ദേശീയപാതയിലെ ഗതാഗത ക്രമീകരണങ്ങളുൾപ്പടെ കൺട്രോൾ യൂണിറ്റിൻ്റെ നിയന്ത്രണത്തിലാകും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !