കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സബ് സ്റ്റേഷന്റെ ശേഷി 110 കെവിയായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. റെയിൽവേ ലൈനിന് കുറുകെ ഫീഡർ ലൈൻ വലിക്കുന്നതിനുള്ള ജോലികൾ തുടങ്ങി. മുൻ എംഎൽഎ ആർ രാമചന്ദ്രൻ മുൻകൈ എടുത്ത് നടപ്പാക്കിയ പദ്ധതിയാണ് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്.
2019 ലാണ് 66 കെ വി 110 കെ വി ആക്കാനുള്ള വർക്ക് അവാർഡ് ചെയ്യുന്നത്.
ശാസ്താംകോട്ട സബ് സ്‌റ്റേഷനിൽ നിന്നും ചക്കുവള്ളി, പതാരം, ഇടക്കുളങ്ങര വഴിയാണ് കരുനാഗപ്പള്ളി പുതിയകാവിലെ സബ് സ്റ്റേഷനിലേക്ക് ഫീഡർ ലൈൻ വലിക്കുന്നതിന്. ശാസ്താംകോട്ട മുതൽ പുതിയകാവ് വരെ പ്രത്യേകം ടവറുകൾ സ്ഥാപിക്കുകയും ഫീഡർ ലൈൻ വലിക്കുകയും ചെയ്തു.ഇടക്കുളങ്ങര വടക്കേ ലെവൽക്രോസിന് സമീപത്തുകൂടിയാണ് ഫീഡർ ലൈൻ കടന്നുപോകേണ്ടത്.റെയിൽവേ ലൈൻ ക്രോസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം അടുത്തിടെ എ എം ആരിഫ് എം പി ഇടപെട്ട് പരിഹരിച്ചിരുന്നു. റെയിൽവേയുടെ വൈദ്യുതി ലൈൻ ഓഫാക്കി നൽകി വേണം ഫീഡർ ലൈനുകൾ വലിക്കേണ്ടത്. രണ്ട് സർക്യൂട്ടുകളിലായി മൊത്തം ഏഴു ലൈനുകളാണ് വലിക്കേണ്ടത്.കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇതിനായി റെയിൽവേയുടെ പവർ സപ്ലൈ ബ്ലോക്ക് വിഭാഗം വൈദ്യുതി ലൈൻ ഓഫാക്കി നൽകിത്തുടങ്ങിയത്. അധികം തീവണ്ടി സർവീസുകൾ ഇല്ലാത്ത സമയങ്ങളിലാണ് വൈദ്യുതി ഓഫാക്കി നൽകുക. അതിനാൽ രാത്രി പത്തിനും 12-നും ഇടയിലാണ് മിക്ക ദിവസങ്ങളിലും വൈദ്യുതി ഓഫാക്കി നൽകുന്നത്. തീവണ്ടികൾ വൈകി ഓടുന്നത് മൂലം ജോലികൾ തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. 16.5 കോടി രൂപാ ചെലവഴിച്ചാണ് കരുനാഗപ്പള്ളി സബ് സ്റ്റേഷന്റെ ശേഷി ഉയർത്തുന്നത്. പുതിയ ലൈനുകൾ വലിക്കുന്നതിന്റെയും സബ് സ്റ്റേഷന്റെയും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഫീഡർ ലൈൻ കൂടി എത്തിയാൽ സ്റ്റേഷന്റെ ശേഷി 110 ലേക്ക് ഉയർത്തി ഉടൻ കമ്മീഷൻ ചെയ്യാനാകും. ഇതോടെ കരുനാഗപ്പള്ളി സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണത്തിന്റെ ശേഷിയും ഉയരുന്നതോടെ ഈ മേഖലയിൽ ഇപ്പോൾ നിലനിൽക്കുന്ന വൈദ്യുതി തടസം, വോൾട്ടേജ് ക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകും.നിലവിൽ 10 എംവിഎ. ശേഷിയുള്ള മൂന്ന് ട്രാൻസ്‌ഫോർമറുകളാണ് ഉള്ളത്. ഇതിനുപകരം 20 എംവിഎ. ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോറുകളാണ് ഇനി മുതൽ ഉണ്ടാകുക. ഇതോടെ സ്‌റ്റേഷന്റെ വൈദ്യുതി വിതരണശേഷി 40 എംവിഎയായി ഉയരുകയും ചെയ്യും.ശാസ്താംകോട്ട മുതൽ കരുനാഗപ്പള്ളി വരെ 13 കിലോമീറ്റർ ലൈനാണ് 110 കെ വി ലൈൻ വലിച്ചു പൂർത്തീകരിച്ചത്.
ചിത്രം: കരുനാഗപ്പള്ളിയിൽ നിർമ്മാണം പൂർത്തിയാകുന്ന 110 കെവി സബ്സ്റ്റേഷൻ