കരുനാഗപ്പള്ളി : ശക്തമായ കാറ്റും മഴയും ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളിൽ ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളിൽ ഉടൻ സഹായം എത്തിക്കാൻ കേന്ദ്ര ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) താലൂക്കിൽ എത്തി. ജില്ലയ്ക്ക് മൺസൂൺ കാലയളവിലേക്ക് അനുവദിക്കപ്പെട്ട സേനയാണ് എത്തിയത്. തഴവാ പഞ്ചായത്തിലെ ദുരിതാശ്വാസ അഭയ കേന്ദ്രത്തിലാണ് ഇവരുടെ ക്യാമ്പ്. 33 പേരടങ്ങുന്ന മലയാളികൾ ഉൾപ്പെടെയുള്ള സംഘമാണ് ഇവിടെ എത്തിയിട്ടുള്ളത്. ചെന്നൈയിലെ ആർക്കോണം ആസ്ഥാനമായുള്ള നാലാം ബറ്റാനിയിൽപ്പെട്ട സംഘത്തെ നയിക്കുന്നത് അശോക് കുമാർ ശുക്ല, സഞ്ജു സിൻഹ എന്നീ ഓഫീസർമാരാണ്. പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ വിവിധ പ്രകൃതിക്ഷോഭ മേഖലകളിൽ പ്രവർത്തിക്കുന്നതിന് പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ള സംഘമാണിത്. ഒരു ട്രക്ക്, ബസ് തുടങ്ങിയ വാഹനങ്ങളും ഇവർക്കുണ്ട്. ഇതിനുള്ളിൽ ചെറിയ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സംഘത്തിന് എല്ലാവിധ സഹായങ്ങളും റവന്യൂ അധികൃതർ ചെയ്തു നൽകുന്നതായും വില്ലേജ് ഓഫീസർ ജയചന്ദ്രൻ പറഞ്ഞു.
കേന്ദ്ര ദുരന്ത നിവാരണ സേനയെത്തി….
