കരുനാഗപ്പള്ളി ചെറിയഴീക്കൽ വടക്കേനട ക്ഷേത്ര മാഹാത്മ്യം

കരുനാഗപ്പള്ളി: ക്ഷേത്രചൈതന്യത്തിലും പൗരാണികതത്വത്തിലും പാരമ്പര്യ മഹിമയിലും മറ്റേതു ദേവീക്ഷേത്രത്തോടും കിടപിടിക്കുന്ന ഒരു മഹാക്ഷേത്രമാണ്‌ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ തീര പ്രദേശത്ത്‌ സ്‌ഥിതിചെയ്യുന്ന ചെറിയഴീക്കല്‍ വടക്കേനട ഭഗവതീക്ഷേത്രം.എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന ലോകമാതാവാണ്‌ വടക്കേനടയില്‍ ഭഗവതി.

ഏകദേശം 2000-ല്‍പ്പരം വര്‍ഷം പഴക്കമുള്ള ചിലപ്പതികാര കഥയിലെ കണ്ണകിദേവിയുടെ ചരിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്‌ ചെറിയഴീക്കല്‍ ക്ഷേത്രത്തിന്റെ ഉത്ഭവം.


എല്ലാ ഭക്തജനങ്ങളെയും വടക്കേനട അമ്മയുടെ തിരുസന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.

കേരള ദേശത്തിലെ ആദ്യകാല പൊങ്കാല മഹോത്സവം കൊണ്ടാടപ്പെടുന്നതും ഉദ്ദ്യേശം 1800 കൊല്ലങ്ങള്‍ക്കുമുമ്പ്‌ തുടങ്ങി, ആചരാനുഷ്‌ഠാനങ്ങള്‍ക്ക്‌ ഒരു മാറ്റവും ഇല്ലാതെ ഇന്നും തുടര്‍ന്നുപോകുന്നതുമായ ചെറിയഴീക്കല്‍ ശ്രീ വടക്കേനടയില്‍ ഭഗവതിയുടെ തോറ്റംപാട്ട്‌ മഹോത്സവം പൂര്‍വ്വാധികം പ്രൗഢിയോടുകൂടിയാണ് എല്ലാ വർഷവും നടത്തപ്പെടുന്നത്.


 ഭൂമിയിലും ആകാശത്തും കല്ലിലും മരത്തിലും കടലിലും നദിയിലും കരയിലും എല്ലായിടത്തും അപ്രമേയമായ ഒരു ശക്തിവിശേഷമുണ്ടെന്ന്‌ എല്ലാവരാലും സമ്മതിക്കപ്പെട്ടിട്ടുള്ളതാണ്‌. പരമ്പരാഗതമായി മത്സ്യബന്ധനത്തിന്‌ പോകുന്ന മക്കളെയും നാട്ടുകാരെയും കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിക്കുന്നതില്‍ വടക്കേനട അമ്മയ്‌ക്കുളള ദയാപരാത ഒരു പ്രത്യേകശക്തിവിശേഷം തന്നെ എന്നതില്‍ സംശയമില്ല. സ്‌ത്രീധനമായി സ്വര്‍ണ്ണവും വിശിഷ്‌ടമായ പട്ടുകളും ധാന്യങ്ങളും അഷ്‌ടമംഗല്യത്തോടുകൂടി അസംഖ്യം ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തില്‍ കാഴ്‌ചവെയ്‌ക്കുന്നു. എല്ലാ വര്‍ഷവും സര്‍വ്വകാര്യ സാധ്യത്തിനായി ഭക്തജനങ്ങള്‍ ഈ ചടങ്ങ്‌ തുടര്‍ന്നുകൊണ്ടുപോകുന്നു. വടക്കേനടിയിലെ അതിവിശിഷ്‌ടമായ വഴിപാട്‌ കൂടിയാണ്‌ താലപ്പോലി


ആലപ്പാട്ടെ അരയവംശക്കാര്‍ തഞ്ചാവൂര്‍ കടല്‍ത്തീരത്തിലെ കാവേരിപും പട്ടണത്തില്‍ നിന്നും എത്തിച്ചേര്‍ന്നവരാണ്‌. കോവിലന്റെ അച്ഛന്‍ മാശാത്തുവാനും കണ്ണകിയുടെ അച്ഛന്‍ മാനായിതനും കിഴക്കേ കടല്‍തീരത്തിലെ പ്രമുഖ വാണിക്കുകളായ അരയപ്രമാണിമാരായിരുന്നു. സതീദേവിയുടെ ഒരു അവതാരമായി ഗണിക്കപ്പെട്ടിരുന്ന കണ്ണകീദേവി പ്രിയഭര്‍ത്താവായ കോവിലന്റെ ദുര്‍മരണത്തില്‍ പാണ്ഡ്യരാജാവിനെ വധിച്ച്‌ പകരം വീട്ടിയതിനുശേഷം പശ്ചിമഭാഗം നോക്കി വൈഗാ നദീതീരത്തുകൂടി പശ്ചിമപര്‍വ്വതത്തില്‍ പ്രവേശിച്ച്‌ തിരുചെങ്കുത്തില്‍ ചെന്ന്‌ അവിടെ വേങ്ങ മരത്തിന്റെ തണലില്‍ ഇരുന്ന്‌ തപസ്സ്‌ ചെയ്‌തതായും ഒരു ദിവസം ദേവതകള്‍ ആകാശത്തുനിന്നും പുഷ്‌പവൃഷ്‌ടി ചൊരിഞ്ഞതോടെ മനോഹരമായ ഒരു വിമാനത്തില്‍ ദിവ്യതേജസ്സോടുകൂടി കോവിലന്‍ പ്രത്യക്ഷപ്പെട്ട്‌ ദേവിയെയും കൊണ്ട്‌ സ്വര്‍ഗം പൂകിയെന്നും ചേരന്‍ ചെങ്കോട്ടുവന്റെ സഹോദരന്‍ ഇളങ്കോവടികള്‍ എന്ന മുനിശ്രേഷ്‌ഠന്‍ എഴുതിയ ചിലപ്പതികാരത്തില്‍ പറയുന്നു.

പാണ്ഡ്യരാജാവിനെ നിഗ്രഹിച്ചതിനുശേഷം കണ്ണകി അപ്രത്യക്ഷമാവുകയും തുടര്‍ന്ന്‌ സ്വവര്‍ഗ്ഗം മുഴുവന്‍ നാടുവിടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ ഒരു വിഭാഗം ആളുകള്‍ കരുനാഗപ്പള്ളി കടല്‍തീരത്ത്‌ അഞ്ച്‌ തുറകളിലായി കുടിയേറി താമസമാക്കിയത്‌. അക്കാലത്ത്‌ അവര്‍ കൊണ്ടുവന്ന ദേവീ വിഗ്രഹമാണ്‌ ചെറിയഴീക്കല്‍ വടക്കേനടയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌.


ക്ഷേത്രത്തില്‍ ദര്‍ശനം കിഴക്കോട്ടാണ്‌. തൊട്ടുപിറകില്‍ സമുദ്രം, പ്രതിഷ്‌ഠയ്‌ക്ക്‌ 1800 വര്‍ഷത്തോളം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. കൃഷ്‌ണശിലയില്‍ തീര്‍ത്ത ദേവീവിഗ്രഹത്തിന്റെ ഒരുകൈയ്യില്‍ വാളും മറുകൈയ്യില്‍ കപാലവുമാണ്‌.

ഒരേസമയം തന്നെ ശിക്ഷയും രക്ഷയും പ്രദാനം ചെയ്യുന്ന ഭഗവതി സര്‍വ്വാഭരണവിഭൂഷിതയാണ്‌.

മേടമാസത്തില്‍ പത്ത്‌ ദിവസങ്ങളായി നടക്കുന്ന ഭഗവതിയുടെ തോറ്റംപാട്ട്‌ മഹോത്സവം വളരെ പ്രസിദ്ധമാണ്‌. ഉത്സവസമയത്ത്‌ ദേവീപ്രീതിക്കായി ഭക്തജനങ്ങള്‍ കുടില്‍ കെട്ടി ഭജനം പാര്‍ക്കുന്നു.


ഉത്സവത്തിന്റെ ആറാം ദിവസം ദേവിയുടെ വിവാഹ ദിനമാണ്‌. തിരുവാഭരണ ഘോഷയാത്രയുടെ അകമ്പടിയില്‍ അന്ന്‌ അനുയോജ്യമായ വിവിധ മേളങ്ങളോടുകൂടി മാലവെയ്‌പ്പ്‌ ചടങ്ങ്‌ നടത്തപ്പെടുന്നു. ഈ മുഹൂര്‍ത്തത്തില്‍ നാനാവിഭാഗത്തില്‍പ്പെട്ട ഭക്തജനങ്ങള്‍ ദേവിക്ക്‌ സ്വര്‍ണ്ണം, വെളളി മുതലായ ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നു. ഇതിന്‌ പൊലിയിടുക എന്നാണ്‌ പറയുന്നത്‌.


ദേവിയുടെ മാലവെയ്‌പ്പ്‌ദിനം നടക്കുന്ന മറ്റൊരു വിശിഷ്‌ട ചടങ്ങാണ്‌ ചെമ്പട്ടും സുവര്‍ണതാലിയും സമര്‍പ്പണം. ജാതകവശാല്‍ വിവാഹതടസ്സം നേരിടുന്ന ഭക്തജനങ്ങള്‍ക്ക്‌ വിവാഹദോഷമകറ്റി അമ്മയുടെ അനുഗ്രഹം നേടുവാന്‍ നടത്തുന്ന ഈ ചടങ്ങില്‍ അനേകം ഭക്തജനങ്ങള്‍ പങ്കെടുക്കും. മാലവെയ്‌പ്പിനു ശേഷം താലപ്പൊലി വരവേല്‍പ്പ്‌ ആരംഭിക്കുന്നു.


സുമംഗലി ഭാവത്തെ ദര്‍ശിക്കുവാനും ദേവിക്ക്‌ പത്താം ഉത്സവദിനത്തില്‍ ദേവിയുടെ തോറ്റംപാട്ട്‌ പാടിത്തുടങ്ങിക്കഴിഞ്ഞാല്‍ പാട്ടിന്റെ അവസാനപാദത്തില്‍ പാലകനെ അരയിരുത്തുക എന്ന ചടങ്ങ്‌ നടത്തപ്പെടുന്നു. അതിനുശേഷം അനേകം ആണ്ടുകളായി ഭക്തജനങ്ങള്‍ ദേവിക്ക്‌ സമര്‍പ്പിക്കുന്ന ചരിത്രപ്രസിദ്ധമായ ചെറിയഴീക്കലെ വടക്കേനട പൊങ്കാല ആരംഭിക്കുന്നു. രാത്രി 10 മണിക്ക്‌ പൊങ്കാല നടക്കുന്നുവെന്നത്‌ ഇവിടുത്തെ വലിയൊരു പ്രത്യേകതയാണ്‌. സര്‍വ്വാഭീഷ്‌ട വരപ്രദായിനിയായ ദേവിക്ക്‌ പൊങ്കാല അര്‍പ്പിക്കുവാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.


ക്ഷേത്രതന്ത്രി പൊങ്കാലയ്‌ക്കുള്ള ഭദ്രദീപം പകര്‍ന്നുകഴിഞ്ഞാല്‍ പുകമയമായ അന്തരീക്ഷത്തില്‍ ദേവീസ്‌തുതികള്‍ മാത്രം മുഖരിതമാകുന്നു. ഏതൊരു ഭക്തന്റെയും ദുഃഖങ്ങളും ദുരിങ്ങളും ആ പുകയില്‍ മറയുമെന്ന ഭക്തജനവിശ്വാസം ഇപ്പോഴും നിലനില്‍ക്കന്നു. തുടര്‍ന്ന്‌ വെളുപ്പിന്‌ 2 മണിക്ക്‌ ആരംഭിക്കുന്ന കുരുതി എഴുന്നളളത്തിന്‌ നൂറുകണക്കിന്‌ ബാലികമാര്‍ ചമയവിളക്കുമായി അകമ്പടി സേവിക്കുന്നു. ഈ ചടങ്ങില്‍ സംബന്ധിക്കുന്ന സ്വര്‍ണ്ണാഭരണ വിഭൂഷിത ഗാത്രികളായ സ്‌ത്രീകള്‍, കുമാരിമാര്‍, ബാലികമാര്‍ എന്നിവര്‍ നിരനിരയായി പ്രദക്ഷിണം വച്ച്‌ കുരുതിക്കളത്തെ ചുറ്റി നില്‍ക്കുന്നു. ചമയവിളക്കുകളുടെയും ചുറ്റുപാടും നില്‍ക്കുന്ന ഭക്തജനങ്ങളുടെയും നിശ്ചലസാന്നിധ്യത്തില്‍ നടക്കുന്ന കുരുതി പ്രാര്‍ത്ഥനയും അര്‍ച്ചനയും കാണാന്‍ പ്രത്യേക മനസാന്നിധ്യം തന്നെ വേണം. ദേവിയെപ്പറ്റിയുളള ഭക്തി സ്‌തോത്രങ്ങള്‍ അടങ്ങിയ നാടകം ചൊല്ലി കുരുതി നടത്തുവാന്‍ പാണ്ഡിത്യവും ഭക്തിയും ഒരുപോലെ ആവശ്യമാണ്‌. കുരുതിയുടെ പ്രധാനകര്‍മ്മി പത്ത്‌ ദിവസത്തെ വ്രതാനുഷ്‌ടാനം നടത്തിക്കൊണ്ടാണ്‌ ആ കര്‍മ്മം നിര്‍വ്വഹിക്കുന്നത്‌. നെടുമംഗല്യയോഗത്തിനും സന്താന അഭിവൃദ്ധിക്കും വേണ്ടി ചെയ്യുന്ന വിശിഷ്‌ടമായ വഴിപാടുകൂടിയാണ്‌ ചമയവിളക്കെടുപ്പ്‌. തുടര്‍ന്ന്‌ പത്ത്‌ ദിവസത്തെ ഉത്സവം സമാപിക്കുന്നു.


അതുകഴിഞ്ഞാല്‍ നടയടയ്‌ക്കും. തുടര്‍ന്ന ദേവിയുടെ ജന്മസ്ഥലമായ കവേരിപും പട്ടണത്തിലേക്ക്‌ അമ്മ പുറപ്പെടുമെന്നാണ്‌ വിശ്വാസം. 7-ാം നാള്‍ തിരിച്ചെത്തുന്ന ഭഗവതിയെ ഭക്തജനങ്ങള്‍ വീണ്ടും പൊങ്കാല അര്‍പ്പിച്ചും താലപ്പൊലികളോടും കൂടി സ്വീകരിക്കും.

കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട്‌ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്‌ കടലോരത്ത്‌ പ്രകൃതിയുടെ വരദാനം പോലെ നിലകൊളളുന്ന വടക്കേനട ശ്രീഭഗവതീക്ഷേത്രം വെളുപ്പിന്‌ നാലുമണിക്ക്‌ നടതുറക്കും. 6.30 ന്‌ ഉഷഃപൂജ, 10.30 ന്‌ ഉച്ചപൂജ, 11.30 ന്‌ നടഅയയ്‌ക്കല്‍. വൈകിട്ട്‌ 5 മണിക്ക്‌ നടതുറക്കല്‍, 6.45 ന്‌ ദീപാരാധന, 8 മണിക്ക്‌ അത്താഴപൂജ. ഉപദേവതകളായി ശ്രീമഹാഗണപതി, പാലകസ്വാമി, രക്തേശ്വരി, മാടന്‍സ്വാമി, യക്ഷിയമ്മ, സര്‍പ്പദൈവം, ദേവിയുടെ വഴിപാടുകള്‍ ഇരട്ടമധുരപായസം, രക്തപുഷ്‌പാഞ്‌ജലി, നിത്യപൊങ്കാല, അരവണപായസം, തിലപ്പായസം, പാല്‍പ്പായസം, കളഭച്ചാര്‍ത്ത്‌, തുടങ്ങിയവയാണ്‌.


നിത്യപൊങ്കാല നടക്കുന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ്‌ വടക്കേനട ഭഗവതീക്ഷേത്രം. 1992 ജൂലൈ മാസം പ്രമുഖ ജ്യോതിഷന്‍മാരായ തഴവാ പി.എന്‍.ഗോപാലന്‍ ജ്യോത്സ്യന്‍, ഉദയംപേരൂര്‍ അപ്പുക്കുട്ടന്‍ ജ്യോത്സ്യന്‍, എഴുമത്ത്‌ ഗംഗാധരമേനോന്‍ ജ്യോത്സ്യന്‍ എന്നിവര്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ ജീര്‍ണ്ണാവസ്ഥ മാറ്റി പുതിയക്ഷേത്രം നിര്‍മ്മിക്കണമെന്ന്‌ കണ്ടതിന്‍പ്രകാരം ക്ഷേത്രം തന്ത്രി താന്ത്രിക രത്‌നം ബ്രഹ്മശ്രീ ശൂലപാണി തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബാലാലയപ്രതിഷ്‌ഠ നടത്തുകയും കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍ പുനഃരുദ്ധാരണം നടത്തി 1994 ജനുവരി മാസത്തില്‍ ലോകമാതാവായ ശ്രീ ജഗദാംബികയെ പുനഃപ്രതിഷ്‌ഠ നടത്തി കുടിയിരുത്തി. മേടമാസത്തിലാണ്‌ ദേവിയുടെ തിരുവുത്സവം. ഒരു സംസ്‌ക്കാരത്തിന്റെ മാതൃത്വം വഹിച്ചുകൊണ്ട്‌ അനേകലക്ഷം ഭക്തജനങ്ങളെ കാത്തുരക്ഷിക്കുന്നു.

ഇവിടെ നാല്‌പത്‌ വര്‍ഷക്കാലമായി മുത്തപ്പന്‍ ശാന്തികളാണ്‌ മേല്‍ശാന്തിയായി തുടരുന്നത്‌.


ക്ഷേത്ര ഗ്രാമമെന്ന്‌ പറയപ്പെടുന്ന ചെറിയഴീക്കല്‍ ദേശത്തിന്റെ മധ്യഭാഗത്തായി ശ്രീ വടക്കേനട ഭഗവതീ ക്ഷേത്രവും ഈ ക്ഷേത്രത്തിനോട്‌ ചേര്‍ന്ന്‌ കിഴക്കുവശത്ത്‌ ദേശവാസികളായിരുന്ന കാശിയപ്പൂപ്പന്‍ കൊല്ലങ്ങള്‍ക്കുമുമ്പ്‌ കാശിയിലെ ഗംഗയില്‍ നിന്നും കരഗതമായ വിഗ്രഹം പ്രതിഷ്‌ഠിച്ച്‌ ശ്രീകാശിവിശ്വനാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ശ്രീമഹാദേവനും ശ്രീമഹാവിഷ്‌ണുവും പ്രതിഷ്‌ഠിതപ്പെട്ടിരിക്കുന്നു. ഇവിടെ 2018  ല്‍ 165-ാം ശിവരാത്രി ആയിരക്കണക്കിന്‌ ദേശവാസികളുടെ നിസ്സീമമായ സഹകരണത്തോടുകൂടി ആഘോഷിച്ചു. ഒപ്പം കരയോഗത്തിന്റെ കീഴില്‍ ആദിനാട്‌ തെക്ക്‌ തിരുവരുംതുറ ശ്രീമഹാദേവര്‍ ക്ഷേത്രവും (ഈ ദേശത്ത്‌ ഈ സമൂഹം ആദ്യമായി സ്ഥാപിച്ച ക്ഷേത്രം) ചെറിയഴീക്കല്‍ മുക്കാലവട്ടത്ത്‌ ശ്രീമഹാഗണപതിക്ഷേത്രവും ഭക്തജനങ്ങള്‍ക്ക്‌ സമാധാനവും സൗഖ്യവും പ്രദാനം ചെയ്‌തുവരുന്നു. അഷ്‌ടമംഗല്യങ്ങളോടുകൂടിയ താലപ്പൊലിയാണ്‌ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാട്‌. മുന്‍കാലങ്ങളിള്‍ ഉത്സവത്തോടനുബന്ധിച്ച്‌ അമ്മയുടെ മാലവെയ്‌പ്പിന്‌ ശേഷം നടന്നിരുന്ന താലപ്പൊലികള്‍ നേര്‍ച്ചക്കാരുടെ അമിതമായ തിരക്കുകാരണം മിക്കദിവസങ്ങളിലും ഇപ്പോള്‍ നടത്തപ്പെടുന്നു.

ഗുരുസിക്ക്‌ പാടുന്ന നാടകവും ശ്രീകാശിവിശ്വനാഥക്ഷേത്രത്തില്‍ ചിത്രപൗര്‍ണമിയില്‍ നടത്തുന്ന ചിത്തിരവായനയും തമിഴിലാണെന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്‌.


ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എത്തിച്ചേര്‍ന്ന ഈ പുണ്യസ്ഥലത്ത്‌ ക്ഷേത്രത്തിനോട്‌ ചേര്‍ന്ന്‌ 125 വര്‍ഷം പഴക്കമുള്ള സ്ക്കൂളും 108 വര്‍ഷം പഴക്കമുള്ള വിജ്ഞാനസന്തായിനി ഗ്രന്ഥശാലയും സ്ഥിതിചെയ്യുന്നു. ആലപ്പാട്ടെ അരന്മാരാണ്‌ ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ നടത്തിവരുന്ന പരിശംവെയ്‌പ്പ്‌ ചടങ്ങ്‌ നടത്തുന്നത്‌. ഈ വര്‍ഷം 1813-ാമത്തേതായിരുന്നു ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും ആലപ്പാട്ട്‌ അരയന്മാരാണ്‌ നടത്തിവരാറുള്ളത്‌.

അവശത അനുഭവിക്കുന്നവര്‍ക്ക്‌ കൈത്താങ്ങായെത്തുന്ന ശ്രീ വടക്കേനട അമ്മ….  സാഷ്‌ടാംഗം പ്രണമിച്ചുകൊണ്ട്‌ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ശ്രീ വടക്കേനട അമ്മ….  ശ്രീ വടക്കേനട ഭഗവതിയുടെ തിരുമുറ്റത്തെത്തി മനംനൊന്തു വിളിച്ചിട്ടുള്ള ആര്‍ക്കും ആ അമൃതധാര കിട്ടാതിരുന്നിട്ടില്ല. എല്ലാം ജഗദാംബികയുടെ മായാവിലാസങ്ങള്‍….  വടക്കേ നടയിലെ മഹാമായെ…..

എല്ലാ ഭക്ത ജനങ്ങളെയും ചെറിയഴീക്കൽ വടക്കേനട അമ്മയുടെ തിരുസന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !