കാട്ടിൽ മേക്കതിൽ ക്ഷേത്ര മാഹാത്മ്യം

കരുനാഗപ്പള്ളി : കായലിനും കടലിനും നടുവിൽ നിലകൊള്ളുന്ന പുണ്യപുരാതനമായൊരു മഹാക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി-ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രം.

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭദ്രകാളിയമ്മയാണ് ഇവിടെ വാണരുളുന്നത്. മനമുരുകി പ്രാര്‍ത്ഥിക്കുന്നവർക്ക് മധുരപായസത്തേക്കാൾ മധുരമായി അനുഗ്രഹം നൽകുന്ന കാട്ടിലമ്മ. സ്‌നേഹനിധിയായ കാട്ടിലമ്മയുടെ അടുത്തുവന്നു മനസ്സിൽ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്‌.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വ്രത ശുദ്ധിയോടെ എത്തുന്ന ഭക്തർ, ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണിയുമായി, ഇവിടെയുള്ള പേരാൽ മരത്തിനു ചുറ്റും ഏഴു തവണ പ്രദക്ഷിണം ചെയ്തതിനു ശേഷം മണി മരത്തിൽ കെട്ടുന്നതോടെ തന്റെ ഏതു ആഗ്രഹവും നടക്കും എന്നതാണ് വിശ്വാസം. ഇങ്ങനെ മൂന്നു തവണ വന്ന് മണികെട്ടണമെന്നാണ് വയ്പ്. ഇതു വിശ്വാസം മാത്രമല്ല പിന്നീട് തന്റെ ആഗ്രഹങ്ങൾ സാധിച്ചു കഴിയുമ്പോൾ ഭക്തർ വീണ്ടും വീണ്ടും ഈ ക്ഷേത്രത്തിൽ എത്തുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.


കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ദേവീക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.


ആർത്തിരമ്പി വരുന്ന കടലിന്റെ മണി നാദത്തിൽ പ്രതിധ്വനിക്കുന്ന ക്ഷേത്രം. ദാരികനെ വധിച്ച ഉഗ്രമൂർത്തി ഭാവമാണ് ഇവിടുത്തെ ദേവത. ഭക്തർക്ക് മാതൃ സ്ഥാനത്താണ് അമ്മ. ചൈതന്യം തുളുമ്പുന്ന ദേവീ വിഗ്രഹം. ശതകോടി സൂര്യപ്രഭയോടെ സർവ്വൈശ്വര്യപ്രദായിനിയായി രാജകീയ പ്രൗഢിയോടെ കുടികൊള്ളുന്ന ദേവീ.


പ്രധാന വിഗ്രഹം കൂടാതെ ഗണപതി, ദുർഗ്ഗാദേവി, മൂർത്തി, യോഗീശ്വരൻ, മാടൻ തമ്പുരാൻ, യക്ഷിയമ്മ, നാഗദൈവങ്ങള്‍, തുടങ്ങി ഉപദൈവങ്ങളും ഇവിടെ കുടികൊള്ളുന്നു. ഇവിടെ വെള്ളിയാഴ്ചതോറും ശത്രുദോഷത്തിനായി ശത്രുസംഹാരപുഷ്പാഞ്‌ലിയും നടത്തുന്നു. കൂടാതെ അമ്മയുടെ ഇഷ്ടവഴിപാടായി ഇരട്ടിമധുര പായസവും അറുനാഴി മഹാനിവേദ്യവും സമർപ്പിക്കുന്നു.


ക്ഷേത്രത്തിലേക്കുള്ള  ഭക്തജന  തിരക്കുകാരണം ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ നമുക്കിവിടെ എത്തിച്ചേരാവുന്നതാണ്. രാജഭരണ കാലഘട്ടം മുതലേ ഈ പുണ്ണ്യഭൂമിക്കു എന്തോ ചൈതന്യമോ പ്രത്യേകതയോ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് കൊട്ടാരത്തിൻകടവെന്ന് ഈ കടവിന്റെ നാമധേയം തന്നെ.

വെള്ളിയാഴ്ചയും ഞായറാഴ്ചയും വൻ ഭക്തജനത്തിരക്കാണ് ഇവിടെ കാണാൻ കഴിയുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്.


അതിഭയങ്കരമായ തിരക്കുകാരണം മറ്റു ക്ഷേത്രങ്ങളിൽ വ്യത്യസ്തമായി വഴിപാട് നൽകുന്ന കൗണ്ടർതന്നെ ഇവിടെ കാണാം. വഴിപാടിന്റെ രസീത് എഴുതുമ്പോൾ നമുക്കൊരു പ്ലാസ്റ്റിക് പാത്രത്തിലാണ് രസീത് കിട്ടുക. ആ പാത്രത്തിന്റെ നിറം നമ്മൾ ഓർത്തു വയ്ക്കുക. തിരക്കുള്ള സമയത്തു  വഴിപാട് മേടിക്കുന്ന സ്ഥലത്ത് ഓരോ നിറത്തിലുള്ള  പാത്രത്തിനും ഓരോ ക്യൂ   നമുക്കിവിടെ കാണാം.


തന്നിൽ അഭയം പ്രാപിച്ച മക്കളുടെ സുഖ-ദുഃഖങ്ങൾ ആരാഞ്ഞു അനുഗ്രഹവർഷം ചൊരിയുവാൻ വർഷം തോറും നടന്നുവരുന്ന അമ്മയുടെ തിരുമുടി പറയ്ക്കെഴുന്നള്ളിപ്പ്  കണ്ട്  അനുഗ്രഹം നേടാൻ  ഭക്തജനലക്ഷങ്ങളാണിവിടെ എത്തിച്ചേരുന്നത്. 


വിശാലമായ മണൽപ്പരപ്പിനു നടുവിൽ ക്ഷേത്രം നിൽക്കുന്നത് മനോഹരമായ കാഴ്ച ഒരുക്കുന്നു. 2004-ൽ സുനാമി ദുരന്തമുണ്ടായപ്പോൾ പരിസരപ്രദേശം മുഴുവൻ കടൽക്ഷോഭത്തിനിരയായിട്ടും ക്ഷേത്രത്തിനു കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല.


ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് പണ്ട് ക്ഷേത്ര പരിസരത്തായി മൂന്ന് പനകളും രണ്ട് കുളങ്ങളും ഉണ്ടായിരുന്നു. ശുദ്ധമായ ജലം ലഭിച്ചിരുന്ന ഈ കുളങ്ങളിലൊന്ന് ക്ഷേത്രത്തോട് ചേർന്ന് ക്ഷേത്രാവശ്യങ്ങൾക്കുപയോഗിച്ചിരുന്നതും മറ്റൊന്ന് ക്ഷേത്ര പരിസരത്ത് തന്നെ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്നതുമാണ്. അതിന്റെ പിൻതുടർച്ചയെന്നോണം ഇപ്പോഴും അഞ്ചുകിണറുകളും ഒരു പനയും ക്ഷേത്ര പരിസരത്ത് കാണാം. കടലിൽ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്ര കിണറ്റിൽ നിന്നും ലഭിക്കുന്ന ശുദ്ധജലം ഏവരെയും പുളകം കൊള്ളിക്കുന്നതും അത്ഭുതപരതന്ത്രരരാക്കുന്നതുമാണ്.  അതുപോലെ  ഈ ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനത്തിൽ പങ്കെടുക്കാൻ ജനലക്ഷങ്ങളാണെത്താറുള്ളത് .


വ്യക്തവും ചരിത്രപരവുമായ ഐതീഹ്യം നിലനിൽക്കുന്ന ശതാബ്ദങ്ങളോളം പഴക്കമുളള ഈ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ അതിപുരാതനവും ക്ഷേത്ര ഐതീഹ്യമായി വളരെയധികം ബന്ധമുള്ളതാണ്.

ഗോകർണ്ണം മുതൽ കന്യാകുമാരി വരെയും കിഴക്ക് മധുരയും ഉൾപ്പെട്ട പഴയ ചേര രാജ്യത്തിന്റെ ആദിമഹാരാജാവ് ചേരൻ ചെങ്കുട്ടവൻ മുതൽ ശ്രീ പത്മനാഭദാസന്മാരായ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ വരെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് കാട്ടിൽമേക്കതിലമ്മ വാണരുളുന്ന സ്ഥലം.


എ.ഡി. 1781 ൽ പൗർണ്ണമിയും പൂഷ്യനക്ഷത്രവും ചേർന്നു വന്ന പൗഷമാസത്തിലെ പൂയം നാളിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഓടനാട് രാജാവിനെ സന്ദർശിച്ച് വഞ്ചിമാർഗ്ഗം മടങ്ങിവരവെ (ഇന്ന് റ്റി.എസ്.കനൽ എന്നറിയപ്പെടുന്ന കായൽ മാർഗ്ഗം)ചെറിയ മയക്കത്തിലായിരുന്ന അദ്ദേഹത്തിന് പടിഞ്ഞാറൻ ചക്രവാളത്തിൽ (ഇന്ന് ക്ഷേതം സ്ഥിതി ചെയ്യുന്ന ദിക്കൽ) ഒരു ദേവീചൈതന്യം പ്രത്യക്ഷപ്പെടുന്നതായും പിന്നിട്ട് അത് കടലിൽ താഴ്ന്നുന്നു പോകുന്നതായും സ്വപ്നദർശനം ഉണ്ടായി. മയക്കമുണർന്ന മഹാരാജാവ് വഞ്ചിയടുപ്പിച്ചശേഷം ദേവീചൈതന്യം കണ്ട ദിക്കിലേക്ക് പുറപ്പെട്ടു.


ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നു സ്ഥലത്ത് എത്തിയ അദ്ദേഹം വളരെ നേരം അവിടെ ധ്യാനനിരതനായി ഇരുന്നു.ദേവീദർശനം ലഭിച്ച് ധ്യാനത്തിന് നിന്ന് ഉണർന്ന് ഈ സ്ഥലത്ത് ദേവീ ചൈതന്യം കുടികൊള്ളുന്നുവെന്നും ഇവിടെ മഹാക്ഷേത്രം ഉദയം ചെയ്യുമെന്നും ബ്രഹ്മ -വിഷ്ണു – മഹേശ്വരശക്തികൾ ഉൾക്കൊണ്ട് ഈ ദേവീക്ഷേത്രം ഭാരതവർഷം മുഴുവൻ പ്രകീർത്തിക്ക പ്പെടുമെന്നും അരുളിചെയ്തു.


തുടർന്നും ഈ പുണ്യഭൂമിയിൽ ദർശനത്തിനെത്തുമ്പോൾ അദേഹത്തിന്റെ പിൻതുടർച്ചക്കാർക്കും വിശ്രമത്തിനായി കായൽ തീരത്ത് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കല്പന അനുസരിച്ച് ഒരു കൊട്ടാരം പണികഴിപ്പിച്ചു. പിന്നീട് ഈ സ്ഥലം കൊട്ടാരക്കടവ് എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി.


വർഷങ്ങൾക്ക് മുമ്പ് പൊന്മനയുടെ വടക്കുഭാഗത്തായി ഒരു എട്ടുകെട്ട് ഉണ്ടായിരുന്നു. ആ വീട്ടുകാർ നല്ല വ്യക്തിത്വത്തിന് ഉടമകളും പൊന്മന നിവാസികളുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ ജനസമ്മതരും ആയിരുന്നു .അക്കാലത്ത് കൃഷിക്ക് ആവശ്യമായ വളങ്ങളും മറ്റും വാങ്ങന്നതിന് കാർഷിക വിളകൾ വിൽക്കുന്നതിനും ദൂരദേശങ്ങളിൽ പോകേണ്ടിയിരുന്നു. ഇന്ന് റ്റി.എസ് കനാൽ എന്ന് അറിയപ്പെടുന്ന കായൽ ആയിരുന്നു അന്ന് പൊന്മന നിവാസികളുടെ പ്രധാന ഗതാഗതമാർഗ്ഗം. ഈ കായൽ മാർഗ്ഗം വലിയകേവുവള്ളങ്ങളിൽ ചരക്കുകൊണ്ടുവരുകയും കൊണ്ടു പോകുകയും പതിവായിരുന്നു.


ഒരു ദിവസം ആ എട്ടുകെട്ടിലെ കാരണവർ തന്റെ സഹായികളുമായി കൃഷിക്കാവശ്യമായ വളം വാങ്ങുന്നതിനും മറ്റുമായി ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു. അവിടെ ചമ്പക്കുളം എന്ന സ്ഥലത്തെത്തി വള്ളം കരയ്ക്കടുപ്പിച്ച് വളം വാങ്ങുന്നതിനും മറ്റുമായി നടന്ന് കുറച്ചു ദൂരം ചെന്നു. അപ്പോൾ ഏഴെട്ടു വയസ്സു പ്രായം തോന്നിക്കുന്ന പ്രഭാമായിയായ ഒരു ബാലിക നിന്ന് കരയുന്നത് കാണുവൻ ഇടയായി. അവർ ബാലികയെ ആശ്വസിപ്പിച്ചതിന് ശേഷം വളം വാങ്ങുന്നതിനായി കടന്നു പോകുകയും ചെയ്തു. എങ്കിലും കാരണവർക്ക് മുൻ ജന്മബന്ധം പോലെ വേർപിരിയാൻ ആകാത്ത ഒരു മാനസിക അടുപ്പം കുട്ടിയോടുതോന്നി. മടങ്ങി വരുമ്പോഴും ബാലിക അവിടെതന്നെ നിന്ന് കരയുകയായിരുന്നു. പ്രഭാമയിയായ ബാലികയുടെ നിഷ്കളങ്കഭാവം കാരണവരെ എല്ലാംമറന്ന് വല്ലാതെ ആകർഷിച്ചു.കാരണവരുടെ കുടെപോകാൻ തികഞ്ഞ താല്പ്പര്യം കാണിച്ച ബാലികയെ കൂട്ടിക്കൊണ്ട്പോകാൻകാരണവര തീരുമാനിച്ചു.

അങ്ങനെ കുട്ടിയെയും കൂട്ടി ചമ്പക്കുളത്തു നിന്നും യാത്രതിരിച്ച കാരണവർ കന്നിട്ട കടവിൽ എത്തിയപ്പോൾ സമയം സന്ധ്യ മയങ്ങിയിരുന്നു. അദ്ദേഹം ചമ്പക്കുളത്തു നിന്നും ഒരു ബാലികയെ കൊണ്ടുവന്ന വിവരം കാട്ടു തീപോലെ പൊന്മനയിൽ പടർന്നു. ഈ കാലയളവിൽ തന്നെ ആ എട്ടുകെട്ടിലെ കാരണവരുടെ ബന്ധുക്കളായ രണ്ടുകുടുംബം പൊന്മനയുടെ തെക്കുഭാഗത്ത് ഇന്ന് ക്ഷേത്രത്തിലെ മുടിപ്പുര സ്ഥിതിചെയ്യുന്നതിന് കിഴക്ക് വശത്തായി (അന്നദാനപ്പുര നിൽക്കുന്ന സ്ഥലം) കാട്ടിൽ കുടുംബം എന്ന പേരായരെ നാലുകെട്ടിൽ ഉണ്ടായിരുന്നു. ചമ്പക്കുളത്തു നിന്നും കൊണ്ടുവന്ന ബാലിക പൊന്മനയുടെ വടക്കുഭാഗത്തുള്ള എട്ടുകെട്ടിലെ സകല സൗഭാഗ്യങ്ങളോടും കുടി വളർന്നു. വിവാഹ പ്രായമായപ്പോൾ കുട്ടിയെ കാരണവർ കാട്ടിൽ പടീറ്റതിൽ എന്ന വീട്ടിലെ ഒരു യുവാവിന് വിവാഹം ചെയ്തുകൊടുത്തു. അങ്ങനെ അവർ സന്തോഷ പൂർണ്ണമായ ഒരു ദാമ്പത്യ ജീവിതം നയിച്ചു.

കാലം കടന്നു പോയി, ഇതിനിടെ ഒരിക്കൽ ജ്ഞാനികളായ ചില ദൈവജ്ഞർ ഈ കുടുംബത്തിൽ  എത്തുകയുണ്ടായി. വിശാലമായ കടൽപ്പുറവും മനോഹര ഗ്രാമവും ദേവീക്ക് ഇഷ്ടപ്പെട്ടു എന്നും അവർ ജനങ്ങളെ ബോധ്യപ്പെടുത്തി. അമ്മയ്ക്ക് കുടികൊള്ളൽ താല്പര്യമുള്ള സ്ഥലത്ത് അമ്മ തന്നെ എട്ട് വരകളാൽ അടയാളം തരുമെന്നും ആ സ്ഥലത്ത് എട്ടുകല്ലുകൾ എടുത്തിട്ട് അതിൽ ദീപം തെളിയിച്ചാൽ മതിയെന്നും നിർദേശിച്ചശേഷം ജ്യോതി ജ്ഞാനികളുടെ നിർദ്ദേശം പാലിക്കാൻ കാട്ടിൽപടീറ്റതിൽ കുടുംബാംഗങ്ങൾ തിരുമാനിച്ചു. കുറെകാലം കഴിഞ്ഞപ്പോൾ കുടുംബക്കർ ഒത്തുചേർന്നു ദേവിയ്ക്ക് ശ്രീകോവിൽ നിർമ്മിച്ചു.


ചെങ്ങന്നൂരിൽ നിന്ന് കൊണ്ടു വന്ന ദേവീവിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. ആയുസ്സും ആരോഗ്യവും സമ്പൽസമൃദ്ധിയും ആഗ്രഹിക്കുന്ന ആയിരങ്ങൾക്ക് അഭയമരുളുന്ന പുണ്യസ്ഥാനമാണ് ഇപ്പോൾ കാട്ടിൽ മേക്കതിൽ ശ്രീദേവീ ക്ഷേത്രം. 


എല്ലാ ദിവസവും രാവിലെ 5 മണി മുതല്‍ 12 വരേയും വൈകിട്ട് 5 മുതല്‍ 8 വരേയും നട തുറക്കും. എന്നും പൊങ്കാല നിവേദ്യം ദേവിക്ക് സമര്‍പ്പിക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.


കടലും കായലും അതിരിടുന്ന കറുത്തപൊന്നിന്റെ (കരിമണ്ണ്) നാട്ടിലെ ഉത്സവം. അതാണ് കൊല്ലം കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തിലെ വൃശ്ചികമഹോത്സവം. വൃശ്ചികമാസം ഒന്നിന് കൊടിയേറി പന്ത്രണ്ടിന് ആറാട്ടോട് കൂടി സമാപിക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് കായല്‍ കടന്ന് കടലോരത്തെ ഈ ക്ഷേത്രഭൂമിയിലേക്ക് എത്തുന്നത്.


വൃശ്ചികോത്സവത്തിൽ പങ്കെടുക്കുവാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും ധാരാളം ഭക്തർ ഇവിടെയെത്തുന്നു. ഉത്സവസമയത്ത് ഭക്തർക്കു വസിക്കുവാനായി ആയിരക്കണക്കിനു കുടിലുകളാണ് ക്ഷേത്രപരിസരത്തു നിർമ്മിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് എന്നിവ നടത്താറുണ്ട്.


ക്ഷേത്രത്തിന്റെ   പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ സജീവമായി ക്ഷേത്രത്തിലിപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.  താന്ത്രിക വിധി പ്രകാരം മനോഹരമായ ഒരു ശ്രീകോവിലാണിവിടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.


കാട്ടിലമ്മയുടെ  പുനഃപ്രതിഷ്ഠയുടെ ഭാഗമായി അച്ചൻകോവിലിൽ നിന്നും ഭൂമിയിൽ തൊടാതെ ഘോഷയാത്രയായി  കൊണ്ടുവന്ന   കൊടിമരമാണ് ഇപ്പോൾ തയ്യാറാകുന്നത്. തങ്കത്തിൽ പൊതിഞ്ഞ കൊടിമരമാണ് വിശ്വാസികൾ അമ്മക്കായി സമർപ്പിക്കുന്നത്.


ക്ഷേത്രപുനഃരുദ്ധാരണ പരിപാടികൾ നടക്കുന്നതിനാൽ   താത്‌കാലികമായ ക്ഷേത്ര തിരുസന്നിധിയിലാണ്  കാട്ടിലമ്മയിപ്പോൾ വാണരുളുന്നത്. 2019 ജനുവരിയിലാണ്  പുനഃപ്രതിഷ്ഠാ  കർമ്മം.


ആറ്റിങ്ങൽ ഭാഗത്തു കുടി വരുന്നവർ ആലപ്പുഴ /എറണാകുളം എന്നി ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങിയാൽ ഓട്ടോയിൽ പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. ഇവിടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം. 


എല്ലാ ഭക്തജനങ്ങളെയും കാട്ടിലമ്മയുടെ തിരുസന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !