ഓണത്തിന് ഗതാഗത ക്രമീകരണം….

ഓണത്തിന് ഗതാഗത ക്രമീകരണം
കരുനാഗപ്പള്ളി : അതിരൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കരുനാഗപ്പള്ളി പട്ടണത്തിൽ ഓണത്തോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി പ്രധാന പാത അടച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഓണാഘോഷത്തോടനുബന്ധിച്ച് നടപ്പിലാക്കേണ്ട ഗതാഗത പരിഷ്കാരങ്ങൾക്ക് ട്രാഫിക് അഡ്വൈസറി കമ്മിറ്റി അന്തിമരൂപം നൽകി.

ഓണാഘോഷ കാലയളവിൽ 10 ദിവസത്തേക്ക് ലാലാജി ജംഗ്ഷൻ മുതൽ താലൂക്കാശുപത്രി വരെയുള്ള ദേശീയപാത നിർമ്മാണം നിർത്തിവയ്ക്കുവാൻ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി.

ഈ മേഖലയിൽ തുടർച്ചയായി ബോധവൽക്കരണ അനൗൺസ്മെന്റ് നടത്തുന്നതിനും പ്രധാന ജംഗ്ഷനിൽ സ്ഥിരമായി ബോക്സ് സ്ഥാപിച്ച് നിർദ്ദേശങ്ങൾ നൽകുന്നതിനും യോഗം തീരുമാനിച്ചു.

ഓണത്തോട് അനുബന്ധിച്ച് നഗരത്തിലേക്കെത്തുന്ന വാഹനങ്ങൾ നഗരസഭ ബസ്റ്റാൻഡ് പരിസരത്തും കരുനാഗപ്പള്ളിയിലെ സ്കൂൾ മൈതാനത്തും പാർക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നഗരസഭയോട് അവശ്യപെട്ടു.

ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിന്റെ അടിഭാഗത്ത് 10 ദിവസത്തേക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി തുറന്നു നൽകുന്നതിനും തീരുമാനിച്ചു.

ഈ പ്രദേശങ്ങളിൽ ഒഴികെ ഉള്ള അനധികൃത പാർക്കിംഗ് അനധികൃത വഴിയോരക്കച്ചവടവും പൂർണമായി നീക്കം ചെയ്യുന്നതിന് നഗരസഭ, പോലീസ്,മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്ത പരിശോധന നടത്തുന്നതിനും തീരുമാനിച്ചു.

ഇപ്പോൾ നിർമ്മാണം നടക്കുന്ന സർവ്വീസ് റോഡുകളിലെ കുഴികൾ അടിയന്തരമായി നികത്തുന്നതിനും ഗതാഗതയോഗ്യമാക്കുന്നതിനും നിർമ്മാണ കമ്പനിക്ക് നിർദ്ദേശം നൽകി.

സി ആർ മഹേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ്, എഎസ്പി അഞ്ജലിഭാവന, സർക്കിൾ ഇൻസ്പെക്ടർ ബിജു, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !