അമൃതാനന്ദമയി ദേവിയുടെ 72-ാം മത് ജന്മദിന ആഘോഷങ്ങൾ 2025 സെപ്തംബർ 27 ശനിയാഴ്ച…

കരുനാഗപ്പള്ളി : സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം ജന്മദിന ആഘോഷങ്ങൾ, കൊല്ലം ജില്ലയിലെ വള്ളിക്കാവ് അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ, 2025 സെപ്തംബർ 27 ശനിയാഴ്ച നടക്കും. രാവിലെ 5 മണിക്ക് 108 ഗണപതി ഹോമങ്ങളോടെ അമൃതപുരിയിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഗുരുപാദപൂജ, അമ്മയുടെ ജന്മദിന സന്ദേശം, വിശ്വശാന്തി പ്രാർത്ഥന, ഭജന, സത്സംഗം, പ്രസാദ വിതരണം എന്നിവ നടക്കും. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നൃത്താർച്ചന, സംഗീതാർച്ചന എന്നിവയുൾപ്പെടെയുള്ള കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. വർഷങ്ങളായി മാതാ അമൃതാനന്ദമയി മഠം ഏർപ്പെടുത്തി വരുന്ന അമൃതകീർത്തി പുരസ്കാരം വേദിയിൽ വച്ച് വിതരണം ചെയ്യും. കൂടാതെ നിർധനരായ യുവതീ യുവാക്കളുടെ സമൂഹ വിവാഹം, ആശ്രമത്തിലെ പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം എന്നിവയും ചടങ്ങിൽ വെച്ച് നടക്കും. ജന്മദിനത്തിന്റെ ഭാഗമായി അമൃതപുരിയിലെത്തുന്ന മുഴുവൻ പേരെയും അമ്മ നേരിൽ കാണും. വിദേശികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പേരാണ് ആഘോഷങ്ങൾക്കായി ഇത്തവണ അമൃതപുരിയിലെത്തുന്നത്.

അമ്മയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ശ്രമദാന പദ്ധതികൾക്കുമാണ് ആശ്രമം ഇത്തവണ തുടക്കമിട്ടിരിക്കുന്നത്.

സമൂഹ വിവാഹം
നിർദ്ധനരായ അമ്പതിലധികം യുവതീ യുവാക്കൾക്ക് വസ്ത്രങ്ങളും ആഭരങ്ങളും മറ്റുമടക്കമുള്ള എല്ലാ ചെലവുകളും മഠം വഹിക്കും.

മെഗാ ശുചീകരണ യജ്‌ഞം
അമ്മയുടെ എഴുപത്തിരണ്ടാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോക ശുചീകരണ ദിനമായ സെപ്തംബർ 20 ന് ആഗോളതലത്തിൽ മെഗാ ശുചീകരണ യജ്‌ഞം നടത്താൻ മാതാ അമൃതാനന്ദമയി മഠം തീരുമാനിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള അമ്മയുടെ സ്ഥാപനങ്ങളുടെയും ആശ്രമങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ യജ്ഞത്തിൽ പതിനായിരക്കണക്കിലധികം വരുന്ന അമ്മയുടെ മക്കൾ പങ്കാളികളാകും. പദ്ധതിയുടെ ഭാഗമായി ആലപ്പുഴ, കൊല്ലം ജില്ലകളിലായി ആശ്രമത്തിന്റെ സമീപ പ്രദേശങ്ങളായ ക്ലാപ്പന, കുലശേഖരപുരം, ആലപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലും മഠം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 3000 ത്തിലധികം പേർ പങ്കെടുക്കുന്ന ശുചീകരണ യജ്ഞത്തിന്റെ സമാപനം കൊല്ലം ജില്ലയിൽ വള്ളിക്കാവ് മാർക്കറ്റിലും, ആലപ്പുഴ ജില്ലയിൽ അഴീക്കൽ പാലം പരിസരത്തും നടക്കും.

സൗജന്യ ശസ്ത്രക്രിയകൾ
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 300 നിർധനരായ ആളുകൾക്ക് മഠം സൗജന്യ ശസ്ത്രക്രിയ ചെയ്തുനൽകും. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിലെ വിവിധ വിഭാഗങ്ങളിലായി വിദഗ്ദരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ രണ്ട് ആശുപത്രികളിലുമായാണ് നിർധനരായ രോഗികൾക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തു നൽകുന്നത്.

കുട്ടികൾക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയാ ക്യാമ്പ്
പതിനെട്ടുവയസിനു താഴെയുള്ള കുട്ടികൾക്കായി അമ്മയുടെ ആഹ്വാനപ്രകാരം തയ്യാറാക്കിയ ഹൃദയ ശസ്ത്രക്രിയാ ക്യാമ്പ് കൊച്ചി അമൃത ആശുപത്രിയിൽ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള നാനൂറോളം കുട്ടികളാണ് അമ്മയുടെ ഈ പദ്ധതിയിലൂടെ പുതിയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇതിൽനിന്നും ശസ്ത്രക്രിയ ആവശ്യമായ നിർദ്ധനരായ കുടുംബങ്ങൾക്ക് സൗജന്യ ശസ്ത്രക്രിയ നൽകും.

ഒരു ലോകം ഒരു ഹൃദയം
അമ്മയുടെ എഴുപത്തിരണ്ടാം ജന്മദിനം എന്നതിലുപരി ആദ്യമായി ഐക്യരാഷ്ട്ര സഭയിൽ മലയാള ശബ്ദം മുഴങ്ങിയതിന്റെ രജതജൂബിലി വർഷം കൂടിയാണ് 2025. 2000 ആഗസ്റ്റ് 29-ന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടന്ന വിശ്വശാന്തി സമ്മേളനത്തിൽ അമ്മ മലയാളഭാഷയിൽ സംസാരിക്കുകയുണ്ടായി. അതിനുമുൻപും അതിനുശേഷവും ഒരു ആഗോളസദസ്സിനെ ആരുംതന്നെ മലയാളത്തിൽ അഭിസംബോധന ചെയ്തിട്ടില്ല. പിന്നീടും ഐക്യരാഷ്ട്രസഭയിൽ അമ്മ തന്നെ പലതവണ മലയാളത്തിൽ സംസാരിച്ചു. ഐക്യരാഷ്ട്രസഭയിൽ ആദ്യമായി മലയാളം മുഴങ്ങിയ രജതജൂബിലി ആഘോഷത്തോടും, അമ്മയുടെ 72-ആം ജന്മദിനത്തോടും അനുബന്ധിച്ച് “ഒരു ലോകം, ഒരു ഹൃദയം” എന്ന വിഷയത്തെ ഉപചരിച്ച് ഇന്നത്തെ സമൂഹത്തിൽ മലയാളഭാഷയുടെ പ്രചാരണവും പരിപോഷണവും ലക്ഷ്യമാക്കി മാതാ അമൃതാനന്ദമയീമഠം സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഉപന്യാസരചന, ചിത്രരചനാ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. വിജയികൾക്ക് മികച്ച സമ്മാനത്തുകകളും ഏർപ്പെടുത്തിയിട്ടുണ്ട്.

അമൃതകീർത്തി പുരസ്ക്കാരം
ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്‌ക്കാരം നൽകിവരുന്നു. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

അമൃതവിശ്വ വിദ്യാപീഠത്തിന് യുനെസ്‌കോ അംഗീകാരം
(UNESCO Chair on Assistive Technologies in Education)
“സ്നേഹത്തിന് ഒരു പ്രത്യേക ഭാഷയില്ല” എന്ന അമ്മയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പഠനത്തിനും ആശയവിനിമയത്തിനുമുള്ള തടസ്സങ്ങൾ നീക്കുക എന്ന ലക്ഷ്യത്തോടെ അമൃത വിശ്വവിദ്യാപീഠം നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള ആഗോള അംഗീകാരമാണ് വിദ്യാഭ്യാസത്തിലെ സഹായക സാങ്കേതികവിദ്യകൾക്കായുള്ള യുനെസ്കോ ചെയർ. പ്രത്യേക വിദ്യാഭ്യാസം, സൗജന്യ തിമിര ശസ്ത്രക്രിയകൾ, ഭിന്നശേഷിക്കാർക്കായുള്ള സ്കൂളുകൾ എന്നിവയിലൂടെ ലോകമെമ്പാടും പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന അമ്മയുടെ പ്രവർത്തനങ്ങൾ, ആശുപത്രികളിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലൂടെയുള്ള റോബോട്ടിക് സഹായ പുനരധിവാസം, കോക്ലിയർ ഇമ്പ്ലാന്റുകൾ എന്നിവയിലൂടെ ചലനശേഷിയും കേൾവിശക്തിയും വീണ്ടെടുക്കാൻ സഹായിക്കുന്നു. അമൃത യൂണിവേഴ്സിറ്റി ലാബുകളിൽ ഇന്ത്യൻ ആംഗ്യഭാഷയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർത്ത് നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും, ജി20-യുടെ ഭാഗമായ സിവിൽ 20-ലൂടെ ഭിന്നശേഷി നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. കാരുണ്യത്തിൽ നിന്ന് കാര്യശേഷിയിലേക്ക് നയിക്കുന്ന ഈ സമഗ്ര പ്രവർത്തനങ്ങൾക്കാണ് അമൃതയ്ക്ക് മൂന്നാമത്തെ യുനെസ്കോ ചെയർ ലഭിക്കുന്നത്. സ്ത്രീശാക്തീകരണം ലിംഗസമത്വം എന്നിവയിലുള്ള പ്രവർത്തനങ്ങൾക്ക് Gender Equality and Women’s Eompowerment,ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന അനുഭാവാത്മക പാഠ്യ പദ്ധതിയായ ലിവ്-ഇൻ-ലാബ്‌സിന് Experiential Learning for Sustainable Innovation & Development എന്നിവയാണ് അമൃതയിൽ പ്രവർത്തിക്കുന്ന മറ്റു യുനെസ്‌കോ ചെയറുകൾ.

വിശ്വശാന്തി പ്രാർത്ഥനകളും പ്രത്യേക പൂജകളും
ആശ്രമത്തിലെ ബ്രഹ്മചാരിണിമാർ നയിക്കുന്ന 108 ഗണപതി ഹോമവും. ഭാരതത്തിലുടനീളമുള്ള വിവിധ ഗോത്ര വിഭാഗങ്ങളുടെയും സാമുദായിക സംഘടനകളുടെയും ഉൾപ്പെടുത്തി നടത്തുന്ന വിശ്വശാന്തി പ്രാർത്ഥനകളും നടക്കും

ആശ്രമ പ്രസിദ്ധീകരണങ്ങൾ
ആശ്രമം പുതിയതായി പുറത്തിറക്കുന്ന ആധ്യാത്മിക-സാംസ്ക്കാരിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വിവിധ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും

സ്വാശ്രയ സംഘങ്ങൾക്കായുള്ള വസ്ത്ര പ്രവർത്തന മൂലധന വിതരണം
മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന പതിനയ്യായിരത്തിലധികം വരുന്ന സ്വാശ്രയ സംഘങ്ങൾക്കും കുടുംബങ്ങൾക്കുമായുള്ള വസ്ത്രങ്ങളുടെയും പ്രവർത്തന മൂലധനത്തിന്റെയും വിതരണോദ്ഘാടനവും ജന്മദിനോത്തോടനുബന്ധിച്ച് നടക്കും. രണ്ടര ലക്ഷത്തിലധികം അംഗങ്ങളാണ് അമൃതശ്രീയിലുള്ളത്


കരുനാഗപ്പള്ളി വള്ളിക്കാവിലെ ശ്രീ മാതാ അമൃതാനന്ദമയീ ദേവി…. കൂടുതലറിയാം…..



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !