ആചാരം മാത്രമായി ഓച്ചിറക്കളി നടത്താൻ കളക്ടറുടെ അനുമതി….

കരുനാഗപ്പള്ളി : ഓച്ചിറക്കളി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്താൻ കളക്ടർ അനുമതി നൽകി. പത്ത് യോദ്ധാക്കളെമാത്രം ഉൾക്കൊള്ളിച്ചും പൊതുജന പങ്കാളിത്തം ഇല്ലാതെയും ഓച്ചിറക്കളി നടത്താനാണ് അനുവദിച്ചിരിക്കുന്നത്.

15, 16 തീയതികളിലാണ് പടനിലത്ത് ഓച്ചിറക്കളി നടക്കുക. കഴിഞ്ഞ വർഷവും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആചാരംമാത്രമായിട്ടാണ് ഓച്ചിറക്കളി നടന്നത്. ഇത്തവണയും കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണം. ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ അവശ്യം വേണ്ട ആളുകളെമാത്രമേ ചടങ്ങിൽ പങ്കെടുപ്പിക്കാൻ പാടുള്ളൂ.

ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി പോലീസ് സ്റ്റേഷനിലും ആരോഗ്യകേന്ദ്രത്തിലും അറിയിക്കണം. ഓച്ചിറക്കളിയിൽ പങ്കെടുക്കുന്ന പത്ത് യോദ്ധാക്കളുടെ വിശദ വിവരങ്ങളും നേരത്തേതന്നെ പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഭരണസമിതിയുടെ നിവേദനം പരിഗണിച്ച കളക്ടർ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസ് മേധാവിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് ഉത്തരവ്.

നൂറ്റാണ്ടുകളായി നടന്നുവരുന്ന ഓച്ചിറക്കളി ഇക്കുറിയും തടസ്സമില്ലാതെ നടത്താൻ അനുവദിച്ച കളക്ടർ, പോലീസ് മേധാവി, അതിനായി പ്രവർത്തിച്ച സി.ആർ.മഹേഷ് എം.എൽ.എ. എന്നിവർക്ക് നന്ദി അറിയിക്കുന്നതായി ക്ഷേത്രഭരണസമിതി സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ.എ.ശ്രീധരൻ പിള്ള എന്നിവർ അറിയിച്ചു. ഉത്തരവുപ്രകാരം കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുമാത്രമായിരിക്കും ഓച്ചിറക്കളി നടത്തുകയെന്നും ഭാരവാഹികൾ പറഞ്ഞു.

(ഫയൽ ചിത്രം : 2020 ഓച്ചിറക്കളി)


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !