സ്വന്തമായി ഗാനമേള ട്രൂപ്പുമായി കരുനാഗപ്പള്ളി യു.പി.ജി.സ്‌കൂള്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യു.പി.ജി.സ്‌കൂളിന് ഇനി സ്വന്തമായി ഗാനമേള ട്രൂപ്പും. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവിനെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിച്ചത്.

കഴിഞ്ഞ മുപ്പതുവര്‍ഷമായി കരുനാഗപ്പള്ളി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടുന്നത് ഈ സര്‍ക്കാര്‍ വിദ്യാലയമാണ്. ജില്ലാ, സംസ്ഥാന തലത്തിലും നിരവധി ട്രോഫികള്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കഴിവുകള്‍ പൊതുവേദികളിലേക്കും എത്തിക്കുക എന്ന ചിന്തയാണ് ഗാനമേള ട്രൂപ്പ് എന്ന ആശയത്തിന് പിന്നില്‍.

ലളിതഗാനം, ശാസ്ത്രീയസംഗീതം, ഗാനമേള തുടങ്ങി വിവിധ സംഗീതമത്സരങ്ങളില്‍ മികച്ചവിജയം നേടിയ പത്തോളം വിദ്യാര്‍ഥികളാണ് സ്‌കൂളിലെ ഗാനമേള ട്രൂപ്പില്‍ ഉള്ളത്. കൂടാതെ, ടി.വി. ഷോയിലൂടെ പ്രശസ്തനായ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി അയ്യപ്പനും മറ്റൊരു പൂര്‍വവിദ്യാര്‍ഥിയായ അമൃതയും വിദ്യാര്‍ഥികളോടൊപ്പം ഉണ്ട്. സംഗീതാധ്യാപികയും സ്‌കൂളിലെ രക്ഷാകര്‍ത്തൃസമിതിയില്‍ അംഗവുമായ ശുഭയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. പ്രൊഫഷണല്‍ ഓര്‍ക്കസ്ട്രാ ടീമാണ് പിന്നണിയിലുള്ളത്. സ്‌കൂള്‍ പി.ടി.എ.യും എസ്.എം.സി.യും ചേര്‍ന്നാണ് ട്രൂപ്പ് തുടങ്ങാന്‍ ആവശ്യമായ ഫണ്ട് കണ്ടെത്തിയത്.

കഴിഞ്ഞദിവസം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ.ഗോപന്‍ ഗാനമേള ട്രൂപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഹരിലാല്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയര്‍പേഴ്‌സണ്‍ ആര്‍.കെ.ദീപ, പ്രഥമാധ്യാപിക ആര്‍.ശോഭ, സ്റ്റാഫ് സെക്രട്ടറി ജെ.എന്‍.ആനന്ദക്കുട്ടന്‍, ശിവകുമാര്‍, പി.ജി.വിനീത് തുടങ്ങിയവര്‍ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !