കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മാര്‍ച്ച് ആദ്യവാരത്തോടെ പ്രവര്‍ത്തനം തുടങ്ങാന്‍ ഗതാഗത ഉപദേശകസമിതിയില്‍ തീരുമാനം. മാര്‍ക്കറ്റ് റോഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലേക്കുള്ള വണ്‍വേ സംവിധാനം പുനഃക്രമീകരിക്കാനും തീരുമാനമായി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ജോലികള്‍ 17ന് തുടങ്ങും. ബസ് സ്റ്റാന്‍ഡില്‍ തറ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഉള്‍പ്പെടെ 45 ലക്ഷം രൂപയാണ് നഗരസഭ നീക്കിവച്ചിട്ടുള്ളത്.
നഗരത്തിലെത്തുന്ന എല്ലാ പ്രൈവറ്റ് ബസുകളും ബസ് സ്റ്റാന്‍ഡില്‍ കയറണം. ശാസ്താംകോട്ട, ഇടക്കുളങ്ങര ഭാഗങ്ങളില്‍നിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളും സ്റ്റാന്‍ഡില്‍ കയറണമെന്നും തീരുമാനിച്ചു. ശാസ്താംകോട്ട ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ നേരേ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കയറിയശേഷം പടിഞ്ഞാറോട്ടുതിരിഞ്ഞ് ദേശീയപാതയില്‍ എത്തണം. അവിടെനിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് മുന്നിലെത്തി തെക്കുവശത്തെ റോഡിലൂടെ മാര്‍ക്കറ്റ് റോഡില്‍ പ്രവേശിക്കണം. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് തെക്കുവശത്തുനിന്ന് മാര്‍ക്കറ്റിലേക്കുള്ള റോഡിന്റെ ഇരുവശത്തെയും പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് മുന്നിലെയും വടക്കോട്ട് ദേശീയപാതയോരത്തുമുള്ള അനധികൃത പാര്‍ക്കിങ് നിരോധിക്കും. മാര്‍ക്കറ്റ് റോഡില്‍ വലിയ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ മാര്‍ക്കറ്റ് റോഡിലെ വ്യാപാരികളുമായി ആലോചിച്ച് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പാര്‍ക്കിങ് സൗകര്യമില്ലാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇത്തരം വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, ദേശീയപാത, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ് പ്രതിനിധികള്‍, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.