സഹപാഠിക്ക് സ്‌നേഹക്കൂടൊരുക്കി മാതൃകയാകുകയാണ് കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ഥികള്‍

കരുനാഗപ്പള്ളി: സ്വന്തമായി വീടില്ലാതിരുന്ന സഹപാഠിക്ക് സ്‌നേഹക്കൂടൊരുക്കി മാതൃകയാകുകയാണ് കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ഥികള്‍. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ അഞ്ജലിക്കാണ് സഹപാഠികളുടെ സഹായത്താല്‍ വീട് നിര്‍മിച്ചുനല്‍കിയത്. അഞ്ജലിയും അമ്മയും സഹോദരിയും തകര്‍ന്നുവീഴാറായ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അഞ്ജലിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. നഗരസഭ നല്‍കിയ ഫണ്ടുകൊണ്ട് വീടിന്റെ കുറച്ചുഭാഗം മാത്രമേ നിര്‍മിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ബാക്കിഭാഗം പൂര്‍ത്തിയാകാതെ കിടന്നു. തൊട്ടടുത്ത് മറ്റൊരു ഷെഡ്ഡിലായിരുന്നു അഞ്ജലിയും അമ്മയും സഹോദരിയും താമസിച്ചിരുന്നത്.

അഞ്ജലിയുടെ അവസ്ഥ മനസ്സിലാക്കിയ വിദ്യാര്‍ഥികള്‍ വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അധ്യാപകരോട് പറഞ്ഞപ്പോള്‍ അവരും ഒപ്പം ചേര്‍ന്നു. സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് ഫണ്ട് ശേഖരിച്ചു. അധ്യാപകരും സഹായങ്ങള്‍ നല്‍കി. കൂടാതെ അവധി ദിവസങ്ങളില്‍ വീട് നിര്‍മിക്കുന്നതിന് ആവശ്യമായ ജോലികളും എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. അഞ്ജലിയും അമ്മ അംബികയും ചേര്‍ന്ന് താക്കോല്‍ ഏറ്റുവാങ്ങി.

എന്‍.എസ്.എസ്. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സുബൈര്‍കുട്ടി, നഗരസഭാ കൗണ്‍സിലര്‍ ശക്തികുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ ജയദീപ്, പി.ടി.എ. പ്രസിഡന്റ് അനില്‍കുമാര്‍, സ്‌കൂള്‍ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കോടിയാട്ട് രാമചന്ദ്രന്‍ പിള്ള, ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ രജിത് കുമാര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജൂന ടി., പൂര്‍വ വിദ്യാര്‍ഥി സംഘടനാ ചെയര്‍മാന്‍ കെ.എസ്.പുരം സത്താര്‍, മഹേഷ് ചന്ദ്രന്‍, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !