കരുനാഗപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ എക്‌സ് റേ യൂണിറ്റും ലാബും പൂര്‍ണസമയം പ്രവര്‍ത്തിക്കുംകൂടാതെ ലഹരിവിമുക്തകേന്ദ്രവും തുടങ്ങി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ ലഹരിവിമുക്തകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. മദ്യം ഉള്‍പ്പെടെ ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നവരെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ലഹരിവിമുക്തകേന്ദ്രം തുടങ്ങിയത്. ഇരുപത്തിയഞ്ചുലക്ഷം രൂപാ ചെലവഴിച്ചാണ് ഈ കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കിയത്. ഇത് ഉദ്ഘാടനം ചെയ്തത് 2015ല്‍ ആണെങ്കിലും ഇപ്പോഴാണ് പ്രവര്‍ത്തനം തുടങ്ങുന്നത്.

പത്ത് കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ, രണ്ട് സെല്ലുകളും ക്രമീകരിച്ചിട്ടുണ്ട്. താലൂക്ക് ആസ്​പത്രിയിലെ മനോരോഗവിദഗ്ധന്‍ ഡോ. കെ.കിരണിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. എന്‍.ആര്‍.എച്ച്.എമ്മില്‍നിന്ന് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, എച്ച്.എം.സി. ഫണ്ടില്‍നിന്ന് രണ്ട് നഴ്‌സുമാരെയും രണ്ട് സെക്യൂരിറ്റി സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്. ആധുനിേകാപകരണങ്ങളും ഫര്‍ണീച്ചറും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് കിടത്തിച്ചികിത്സ നല്‍കുന്നതിനുള്‍പ്പെടെയുള്ള സൗകര്യങ്ങളാണുള്ളത്.

താലൂക്ക് ആസ്​പത്രിയില്‍ ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി. എക്‌സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തനവും പൂര്‍ണസമയമാക്കും. ഇതിനായി ജീവനക്കാരെ ഉടന്‍ നിയമിക്കും. ഒ.പി. കൗണ്ടറില്‍ ടോക്കണ്‍ സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.ശോഭന ലഹരിവിമുക്തകേന്ദ്രം ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുബൈദാകുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സക്കീനാസലാം, സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് പനക്കുളങ്ങര, കൗണ്‍സിലര്‍മാരായ സി.വിജയന്‍ പിള്ള, ശക്തികുമാര്‍, ആസ്​പത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോണ്‍സ്, ആര്‍.എം.ഒ. ഡോ. കിരണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !