കുലശേഖരപുരം സ്കൂളിൽ തുള്ളൽ ആസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ തുള്ളൽ ആസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു.

മലയാളഭാഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് തുള്ളൽ ആസ്വാദന ശില്പശാല നടത്തിയത്. അമ്പലപ്പുഴ കുഞ്ചൻ സ്മാരകത്തിലെ അധ്യാപകൻ സുരേഷ് വർമ്മ ക്ലാസ് നയിച്ചു. തുള്ളൽ കലയുടെ ഉത്ഭവം, വിവിധതരം തുള്ളലുകൾ, വേഷം, ചിട്ടവട്ടങ്ങൾ, ഹാസ്യരസം, കുഞ്ചൻ നമ്പ്യാരുടെ മഹത്വം, ജനകീയകല എന്ന നിലയിൽ തുള്ളലിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദീകരിച്ചു.



അമ്പലപ്പുഴ രതീഷ്കുമാർ ആചാരി പിന്നണി സംഗീതം നൽകി. കലാമണ്ഡലം വിനോദ്കുമാർ ആചാരി മൃദംഗം വായിച്ചു.ശ്രേഷ്ഠകലകൾ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആസ്വാദന സദസ്സ് സംഘടിപ്പിച്ചത്.

ഭാഷാ വാരാഘോഷം പ്രഥമാധ്യാപകൻ ബി സുബാഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എസ് എംസി ചെയർമാൻ വി പ്രസന്നകുമാർ, സലീം സേട്ട്, സീനിയർ അസിസ്റ്റന്റ് മേഴ്സി ഡിക്രൂസ്, സ്റ്റാഫ് സെക്രട്ടറി ബി പ്രസന്ന എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ ഭാഷാ പ്രതിജ്ഞ എടുത്തു.വിദ്യാരംഗം കോ-ഓർഡിനേറ്റർ കെ ആർ വത്സൻ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !