കരുനാഗപ്പള്ളി : കഥകളി ആസ്വാദക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ചൊല്ലിയാട്ട കളരിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി.
കന്നേറ്റി ധന്വന്തരി മൂർത്തി ക്ഷേത്ര ആഡിറ്റോറിയത്തിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന്റെ നേതൃത്വത്തിൽ നിലവിളക്ക് തെളിച്ചതോടെയാണ് ചൊല്ലിയാട്ടത്തിന് തുടക്കമായത്. കഥകളി ആചാര്യൻമാരായ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, പന്നിശ്ശേരി നാണുപിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, ഗുരു ചെങ്ങന്നൂർ തുടങ്ങിയവരുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടന്നു.
തുടർന്ന് തോടയമായിരുന്നു. ഇഷ്ടദേവതമാരുടെ ശ്ളോകങ്ങൾ പാടി കൊണ്ട് തോടയം തുടങ്ങി, തുടർന്ന് പുറപ്പാടിന്റെ ചൊല്ലിയാട്ടമായിരുന്നു. കലാമണ്ഡലം ബാലസുന്ദറിൻറെ ചെണ്ടയും കലാമണ്ഡലം ഹരിദാസൻറെ മദ്ദളവും, കലാമണ്ഡലം ബാബുനമ്പൂതിരിയും, അജേഷ്പ്രഭാകറും ചേർന്നുള്ള സംഗീതവും ഹൃദ്യത പകർന്നു.
തുടർന്ന് ചൊല്ലിയാട്ടം 2019 ന്റെ ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം മാർഗ്ഗി കഥകളി വിദ്യലയത്തിലെ സെക്രട്ടറി എസ് ശ്രീനിവാസൻ ഐ എ എസ് നിർവ്വഹിച്ചു, കളിവിളക്ക് രക്ഷാധികാരി ഡോ കണ്ണൻ കന്നേറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു, ജനറൽ കൺവീനർ കുരുമ്പോലിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞു. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ, വി പി ലീലാകൃഷ്ണൻ, ജയറാം ചെറുകോൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രൊഫ നീലകണ്ഠൻ നമ്പൂതിരി കൃതഞ്ജത പറഞ്ഞു.
തുടർന്ന് വൈകിട്ട്, നാല് മണി മുതൽ ചൊല്ലിയാട്ടം കോട്ടയത്ത് തമ്പുരാൻ രചിച്ച നിവാതകകവചകാലകേയ വധം കഥകളിയിലെ അർജ്ജുനൻറെ സലജ്ജോഹം, ജനകതവ ദർശന, മാതലിയുടെ തേര് കൂട്ടൽ, അർജ്ജുനൻറെ അഷ്ടകലാശം, ഇന്ദ്രൻറെ മനുജതിലകാ, അർജ്ജുനൻറെ അമരതിലക എന്നീ പദങ്ങളുടെ ചൊല്ലിയാടൽ നടന്നു.
തികച്ചും കളരി ചിട്ടയുടെ കർശനമായ ചിട്ടവട്ടങ്ങൾ. എങ്ങനെയാണെന്ന് കളരിയിൽ പോയി കാണാത്ത പ്രേക്ഷകർക്ക് നവ്യാനുഭവമായി ചൊല്ലിയാട്ടം മാറി.
നവംബർ 8 വരെ സംഘടിപ്പിച്ചിരിക്കുന്ന ചൊല്ലിയാട്ടത്തോടനുബന്ധിച്ച് സോദാഹരണ ക്ലാസുകളും പ്രഭാഷണങ്ങളും നടക്കും.