റോഡിലെ വെള്ളക്കെട്ട് വിദ്യാർത്ഥികൾ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു…

കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് – മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥികൾ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.



കരുനാഗപ്പള്ളി തേവർകാവ് ശ്രീ വിദ്യാധിരാജാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. മാർക്കറ്റ് റോഡിനോട് ചേർന്നാണ് കോളേജ്.  റോഡിലെ വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം ദുരിതം അനുഭവിക്കുകയാണ്.  ഈ വെള്ളക്കെട്ടിലൂടെയാണ് വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം പോകുന്നത്.



ഇതു വഴി വെള്ളം ഒഴുകുന്നതിനുള്ള സംവിധാനം ഇല്ലാതായതോടെയാണ് പ്രശ്നം രൂക്ഷമായത്. നഗരസഭാ അധികൃതർ നിരവധി ഇടപെടൽ നടത്തിയെങ്കിലും നിയമ പ്രശ്നങ്ങൾ മൂലം ഫലമുണ്ടായില്ല. രാവിലെ നഗരസഭാ ഓഫീസിന് മുന്നിൽ എത്തിയ വിദ്യാർത്ഥികൾ  തുടർന്ന് നഗരസഭാ കൗൺസിലർ സി വിജയൻപിള്ള, കരുനാഗപ്പള്ളി സി ഐ മഞ്ജുലാൽ, നഗരസഭാ സൂപ്രണ്ട് മനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഫൈസൽ തുടങ്ങിയവരുമായി ചർച്ച നടത്തി. വെള്ളം ഒഴുക്കി വിടുന്നത് ഉൾപ്പെടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഉടൻ സ്ഥലം സന്ദർശിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. കോളേജ് യൂണിയൻ ചെയർമാൻ അമൽ, വിദ്യാർത്ഥികളായ സിദ്ധാർത്ഥ്, അക്ഷയ് ,റോഷൻ, സ്‌നേഹ തുടങ്ങിയവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !